Asianet News MalayalamAsianet News Malayalam

പുരാവസ്തുവിൽപ്പനയുടെ മറവിൽ കോടികളുടെ തട്ടിപ്പ്, ആഡംബര ജീവിതം; സെക്യൂരിറ്റി സുരക്ഷ, മോൻസൻ മാവുങ്കൽ റിമാൻഡിൽ

ടിപ്പുവിന്‍റെ സിംഹാസനവും മോശെയുടെ അംശവടിയുമൊക്കെ ചേർത്തലയിലെ ഒരു ആശാരിയെക്കൊണ്ട് നിർമിച്ചതാണെന്നും വ്യക്തമായി.

court remanded monson mavunkal in selling fake antiquities and  financial fraud case
Author
Kochi, First Published Sep 26, 2021, 8:47 PM IST

കൊച്ചി: പുരാവസ്തുവിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് (Financial fraud) നടത്തി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോൻസൻ മാവുങ്കലിനെ കോടതി റിമാൻസ് ചെയ്തു. അടുത്തമാസം 6 വരെയാണ് എറണാകുളം അഡിഷണൽ സെ‌ഷൻസ് കോടതി ഇയാളെ റിമാൻഡ് ചെയ്തത്. പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്നവകാശപ്പെട്ടിരുന്ന മോൻസൻ മാവുങ്കൽ യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 

നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. ടിപ്പു സുൽത്താന്റെ സിംഹാസനവും ബൈബിളിലെ പഴയനിയമത്തിലെ മോശെയുടെ അംശവടിയുമൊക്കെ തന്‍റെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടു. 

'ടിപ്പു സുൽത്താന്‍റെ സിംഹാസനം, മെയ്ഡ് ഇന്‍ ചേര്‍ത്തല'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയോളം രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എച്ച് എസ് ബി സി ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടില്ലെന്നും വിദേശത്തുനിന്ന് പണം  വന്നിട്ടില്ലെന്നും തെളിഞ്ഞത്. സാമ്പത്തിക തട്ടിപ്പെന്ന് ബോധ്യമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ ഡോക്ടേറ്റ് വ്യജമെന്നും കണ്ടെത്തി.

ടിപ്പുവിന്‍റെ സിംഹാസനവും മോശെയുടെ അംശവടിയുമൊക്കെ ചേർത്തലയിലെ ഒരു ആശാരിയെക്കൊണ്ട് നിർമിച്ചതാണെന്നും വ്യക്തമായി. ഉന്നത വ്യക്തികളുമായുള്ള  ബന്ധം കാണിച്ചായിരുന്നു ഇയാൾ പല ഇടപാടുകൾക്കും വഴിയൊരുക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ കാറുകളിൽ കറക്കവും സുരക്ഷയ്ക്ക് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും ആയി ആഡംബര ജീവിതമായിരുന്നു ഇയാൾ നയിച്ചിരുന്നത്. 

 

Follow Us:
Download App:
  • android
  • ios