2021 ല്‍ കോഴിക്കോട് കരിക്കാംകുളം സ്വദേശി രാജീവനെ കുത്തിക്കൊന്ന കേസിലെ പ്രതി രൂപേഷിനെ ശിക്ഷിച്ച് കോടതി

കോഴിക്കോട്: കൊലപാതകക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. 2021 ല്‍ കോഴിക്കോട് കരിക്കാംകുളം സ്വദേശി രാജീവനെ കുത്തിക്കൊന്ന കേസിലെ പ്രതി രൂപേഷിനെയാണ് കേഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 20 തിന് കരിക്കാംകുളം കാഞ്ഞിരമുക്ക് എന്ന സ്ഥലത്തുവെച്ചാണ് സംഭവം. സാഹിര്‍ എന്നയാളുടെ മീന്‍കച്ചവടം പ്രതി രൂപേഷ് തടഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ച രാജീവന്‍ എന്നയാളെയാണ് രൂപേഷ് കത്തികൊണ്ട് കുത്തിയത്. സാഹിര്‍ അലിക്കും കുത്തേറ്റിരുന്നു. വയറിനും മറ്റും സാരമായ പരിക്കേറ്റ രാജീവന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

രാജീവനെ കൊലപ്പെടുത്തിയതിന് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. സാഹിര്‍ അലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഏഴുവര്‍ഷം കഠിനതടവും കേഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. മരിച്ച രാജീവന്‍റെ കുടുംബത്തിന് ഒരുലക്ഷം രൂപ വിക്ടിം കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം നല്‍കണമെന്നും കോടതി വിധിച്ചു. ചേവായൂര്‍ പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 43 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകളും 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

YouTube video player