Asianet News MalayalamAsianet News Malayalam

ഗൂഢാലോചന നടത്തിയവരെയെല്ലാം തിരിച്ചറിഞ്ഞതായി അന്വേഷണസംഘം: ദിലീപിൻ്റെ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്ച പരിഗണിക്കും

ശരത്തിനെ കസ്റ്റഡിയിലടുക്കാൻ വ്യാപക പരിശോധന നടത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്ന് അന്വേഷണ സംഘം പറയുന്നു. 

Court to check bail application of dileep on friday
Author
Alappuzha, First Published Jan 18, 2022, 4:14 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ആലുവയിലെ വ്യവസായി ശരത് ആണ് ആറാം പ്രതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി   വെള്ളിയാഴ്ചത്തേക്ക്  മാറ്റി, തുടരന്വേഷണത്തിന്‍റെ ഭാഗമായി മുഖ്യ പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യൽ  മജിസ്ടേറ്റ് കോടതിയിലെടുക്കാൻ നടപടിയായി. 

ദിലീപിന്‍റെ വീട്ടിൽ നവംബർ 15 ന് നടത്തിയ ഗൂഢാലോചനയിൽ പങ്കാളിയായ ആറാം പ്രതി ആലുവയിലെ വ്യവസായി ശരത് ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.  സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ അഞ്ച് പേരുകൾ ഉണ്ടായിരുന്നു. ആറാമാൻ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.ആറാമന്‍റെ റെക്കോർഡ് ചെയ്ത ശബ്ദം ശരത്തിന്‍റെതാണെന്ന്  ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ശബ്ദം ശരത്തിന്‍റെതാണെന്ന്  സുഹൃത്തുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 

ശരത്തിനെ കസ്റ്റഡിയിലടുക്കാൻ വ്യാപക പരിശോധന നടത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിനിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ  ദിലീപ് അടക്കം 6 പ്രതികളുടെ ജാമ്യ ഹർജി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കെയാണ് തെളിവുകൾ ഹാജരാക്കാൻ  പ്രോസിക്യൂഷൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ടത്. തുടർന്നാണ് സിംഗിൾ ബഞ്ച്  കേസ് വെളളിയാഴ്ചതേത്ക്ക് മാറ്റിയത്. ശരത്തും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. 

ശരത് അടക്കം 6 പേരുടെ  അറസ്റ്റും വെള്ളിയാഴ്ചവരെ പാടില്ലെന്ന് കോടതി  നിർദ്ദശം നൽകി. നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന്‍റെ ഭാഗമായി മുഖ്യ പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി എടുക്കണമെന്ന പോലീസ് അപേക്ഷ കോടതി അംഗീകരിച്ചു. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് മൊഴി എടുക്കാൻ തീരുമാനിച്ചെങ്കിലും കൊവിഡ് സാഹചര്യത്തിൽ അടുത്ത ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios