ഇടുക്കി: കൊവിഡ് വൈറസ് മുൻകരുതലുകളുടെ ഭാഗമായി മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 14 വിദേശികളുടെ സാമ്പിളുകൾ നെഗറ്റീവ്. ഇവർക്ക് തിരികെ മടങ്ങാൻ അവസരം ഒരുക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി.  അയർലൻഡ്, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണിവർ.  നേരത്തെ എറണാകുളം ജില്ലയില്‍ രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടൻ പൗരന്മാരെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതേ സമയം രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂർണമായും തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 

ഇടുക്കി ജില്ലയിൽ ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ,വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്. ഇതു സംബന്ധിച്ച് ജില്ല കളക്ടർ ഉത്തരവിറക്കി. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ 10 മുതൽ വൈകീട്ട് അഞ്ച് വരെയാക്കി വ്യാപാരികൾക്ക് ജില്ല ഭരണകൂടം നിർദ്ദേശം നൽകി. 

അതേ സമയം ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ പ്രവാസിക്കെതിരെ പാലോട് പൊലീസ് കേസെടുത്തു. 11ന് വിദേശത്തു നിന്ന് വന്ന ഇയാളോട് 25 വരെ വീട്ടിൽ കഴിയാനായിരുന്നു നിർദ്ദേശം. ഇത് ലംഘിച്ചതിനാണ് നടപടി.