കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ആകെ 17,407 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. പുതുതായി വന്ന ആറ് പേര്‍ ഉള്‍പ്പെടെ 28 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 25 പേര്‍ മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ബീച്ച് ആശുപത്രിയിലുമാണ്. 11 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ഇന്നും പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് 19 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 526 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 499 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 482 എണ്ണം നെഗറ്റീവ് ആണ്. ജില്ലക്കാരായ 13 പോസിറ്റീവ് കേസുകളില്‍ 7 ഏഴ് പേരും നാല് ഇതര ജില്ലക്കാരില്‍ രണ്ടു പേരും രോഗമുക്തരായിട്ടുണ്ട്. ആറ് കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളുമാണ് പോസിറ്റീവായി തുടരുന്നത്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 27 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. 

Read more: കാസര്‍കോട് ആശ്വാസത്തിന്‍റെ നാളുകള്‍, ഒപ്പം മൂന്ന് ജില്ലകള്‍ക്കും; ഇനി കേരളത്തിന്‍റെ കൊവിഡ് പോരാട്ടം ഇങ്ങനെ
 
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കൊവിഡ്-19, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സൂം കോണ്‍ഫറന്‍സിലൂടെ ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവരുമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി. കോണ്‍ഫറന്‍സില്‍ ബാലുശ്ശേരി നിയോജക മണ്ഡലം എംഎല്‍എ പുരുഷന്‍ കടലുണ്ടി പങ്കെടുത്തു. 

Read more: കേരളത്തിന് ഇന്നും ആശ്വാസം; 19 പേര്‍ക്ക് രോഗം ഭേദമായി, ജാഗ്രതയും നിയന്ത്രണവും തുടരണമെന്നും മുഖ്യമന്ത്രി

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ നാല് പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 23 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. 3177 സന്നദ്ധസേന പ്രവര്‍ത്തകര്‍ 5290 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.    

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക