കൊവിഡ് പ്രതിസന്ധി മൂലം പണമില്ലാതെ നട്ടം തിരിഞ്ഞിരിക്കുകയാണ് സർക്കാർ. ഈ സാഹചര്യത്തിൽ മദ്യവിൽപ്പന തുടങ്ങുമ്പോൾ വില കൂട്ടി വിൽക്കുന്നത് ഖജനാവിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. മൂന്നാംഘട്ട ലോക്ക്ഡൗണിൽ മദ്യവിൽപന അനുവദനീയമായിരുന്നെങ്കിലും സംസ്ഥാനം ബവ്റിജസ് ഔട്ട്‍ലെറ്റുകൾ തുറന്നിരുന്നില്ല. 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്യവില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മദ്യനികുതി വർധിപ്പിച്ച് നിലവിൽ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നീക്കം. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകും എന്നാണ് വിവരം. വിദേശനി‍ർമ്മിത വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങൾക്കും വില കൂടും. ഇന്ന് മുതൽ സംസ്ഥാനത്ത് കള്ളുഷാപ്പുകളും തുറന്ന് പ്രവർത്തിക്കും. പക്ഷേ ഇരുന്ന് കുടിക്കാൻ അനുമതിയില്ല. കുപ്പി കൊണ്ടുവരണം. 

മദ്യത്തിന് വില വർദ്ധന, സാധ്യത ഇങ്ങനെ

കെയ്സിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാനാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം. കെയ്സിന് 400 രൂപയിൽ താഴെയാണെങ്കിൽ പത്ത് ശതമാനം നികുതിയാവും ഏർപ്പെടുത്തുക. ബീയറിനും പത്ത് ശതമാനം നികുതി ഏർപ്പെടുത്തും. ഇതോടെ ഒരു കുപ്പി മദ്യത്തിന് അൻപത് രൂപ വരെ വ‍ർധിക്കാനാണ് സാധ്യത.

മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സ‍ർക്കാ‍ർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽനപനയ്ക്കുള്ള സാധ്യത സ‍ർക്കാ‍ർ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാ‍ർട്ടപ്പ് മിഷന് സ‍ർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ സർക്കാരിൽ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദ​ഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമ‍ർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൌണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൌസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും. 

കള്ള് ഷാപ്പുകളിലെ നിയന്ത്രണങ്ങൾ

ഇന്ന് മുതൽ പ്രവ‍ർത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളിൽ ക‍ർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണ‍ർ ഉദ്യോ​ഗസ്ഥർക്ക് നി‍ർദേശം നൽകി. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി വരണം. 3000-ത്തിലധികം ഷാപ്പുകൾ നാളെ തുറക്കുമെന്നാണ് എക്സൈസിന്‍റെ കണക്കുകൂട്ടൽ. 

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ല. ഇരുന്ന് മദ്യപിക്കാനും അനുവാദം ഉണ്ടാവില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്നും മറ്റ് ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാൻ അനുമതി നൽകും.