തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധവും ജാഗ്രതയും തുടരുന്നു. കാൽലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 237 പേർ ആശുപത്രികളിൽ ആണ്. ഇതുവരെ കിട്ടിയ 2140 പേരുടെ സാമ്പിളുകൾ നെഗറ്റീവാണ്. ഇന്ന് കൂടുതൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രിച്ച് ഉത്തരവിറങ്ങി. ഓഫീസുകളിൽ അത്യാവശ്യമുളള സന്ദർശകരെ നിർദ്ദേശാനുസരണം മാത്രം കയറ്റിവിടാനും കഴിയുന്നത്ര തെർമൽ സ്കാനിംഗ് ഉപയോഗിച്ച് സന്ദർശകരെയും ഉദ്യോഗസ്ഥരെയും പരിശോധിക്കണമെന്നുമാണ് നിർദേശം. ഇതിനായി ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകും. ഒപ്പം ജീവനക്കാർ കൂട്ടം കൂടുന്ന പരിപാടികൾ ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്. ഫിസിക്കൽ ഫയലുകൾ ഒഴിവാക്കി ഇ ഫയലുകൾ ഉപയോഗിക്കണമെന്നും ഉത്തരവുണ്ട്.

അതേസമയം, കൊവിഡ് പ്രതിരോധത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കാൻ മുഖ്യമന്ത്രി ഇന്ന് തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുമായി ആശയവിനിമയം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ക്രമീകരണം, ജില്ലാ തലത്തിൽ കൊറോണ സെന്‍ററുകളുടെ രൂപീകരണം, ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തുന്നതിനുള്ള ക്രമീകരണം എന്നിവ മുഖ്യമന്ത്രി വിശദീകരിക്കും. വിക്ടേഴ്സ് ചാനൽ വഴിയാണ് ആശയവിനിമയം. തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചർച്ചയുടെ ഭാഗമാകും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക