കൊച്ചി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനായി ധനസാഹയവുമായി അമൃതാനന്ദമയി മഠം. കോവിഡ്-19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 13 കോടി രൂപ നല്‍കുമെന്ന് അമൃതാനന്ദമയി മഠം അറിയിച്ചു.

പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് നല്‍കുക. കൂടാതെ കൊവിഡ്-19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(അമൃത ആശുപത്രി) സൗജന്യ ചികിത്സ നല്‍കുമെന്നും മഠം അറിയിച്ചു.

ലോകം മുഴുവനും കരയുകയും, വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ  വലിയ ഹൃദവേദനയുണ്ടെന്ന് അമൃതാനന്ദമയി പറഞ്ഞു. ഈ മഹാമാരിയിൽ മരിച്ചവരുടെ ആത്മശാന്തിക്കും, അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും, ലോകശാന്തിക്കും, ഈശ്വരകൃപയ്ക്കും വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാമെന്നും അമൃദാനന്ദമയി പറഞ്ഞു.

കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മർദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃദാനന്ദമയിയുടെ നിർദ്ദേശപ്രകാരം അമൃത സർവകലാശാലയും, അമൃത ആശുപത്രിയും ചേർന്ന് ഒരു മാനസികാരോഗ്യ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. 0476 280 5050 എന്ന നമ്പരില്‍ സഹായത്തിനായി വിളിക്കാം.

മഠത്തിന്റെ കീഴിലുള്ള  സർവകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ   ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കായി കുറഞ്ഞചിലവിലുള്ള മുഖാവരണങ്ങൾ, ഗൗണുകൾ,  വെന്റിലേറ്ററുകൾ, അതിവേഗം തയാറാക്കാനാവുന്ന ഐസൊലേഷൻ വാർഡുകൾ, മെഡിക്കൽ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ, കോറന്റൈനിലുള്ള രോഗികളെ വിദൂരനിരീക്ഷണം ചെയ്യുന്നതിനായുള്ള സാങ്കേതികവിദ്യകൾ എന്നിവ ഒരുക്കുന്നതിനായി വിവിധമേഖലകളിൽ നിന്നുമുള്ള വിദഗ്ധരുടെ ഒരു സംഘം ഗവേഷണം ചെയ്തുവരുന്നുണ്ട്. 

വൈദ്യശാസ്ത്രം, നാനോസയൻസ്, നിർമ്മിത ബുദ്ധി, ബിഗ് ഡാറ്റ, സെൻസർ മാനുഫാക്ചറിംഗ്, മറ്റു ശാസ്ത്ര മേഖലകൾ എന്നിവയിൽ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തിലുള്ളത്.   അമൃത സർവിന്റെ ഭാഗമായി ദത്തെടുത്ത 101 ഗ്രാമങ്ങളിലെ പ്രതിനിധികളുമായും മഠം അധികൃതർ നിരന്തരമായി ഓൺലൈൻ വഴി സമ്പർക്കം പുലർത്തിവരുന്നു. ഗ്രാമങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട അവബോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനോടൊപ്പം, ഗ്രാമീണർക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാകുന്നതിനാവശ്യമായ നടപടികളും, വ്യാജവാർത്തകൾ പടരാതിരിക്കാനുള്ള മുൻകരുതലുകളും ചെയ്തു വരുന്നുണ്ടെന്ന് മഠം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.