Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിച്ച് പൊലീസ്, വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

കൊവിഡ് രോഗികളുടെ കോൾ ഡീറ്റൈൽ റെക്കോര്‍ഡ് (സിഡിആർ) ശേഖരിക്കാനുള്ള തീരുമാനമാണ് വിവാദമായത്. നിയമവിരുദ്ധമായ നീക്കമാണിതെന്നും, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആക്ഷേപമുയർന്നു. 

covid 19 call tracing of covid patients by police cm pinarayi vijayan responds on privacy concern
Author
Thiruvananthapuram, First Published Aug 12, 2020, 6:32 PM IST

തിരുവനന്തപുരം: കൊവി‍ഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രോഗികളുടെ കോൾ റെക്കോഡ് വിവരങ്ങൾ ശേഖരിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ അതിനൂതന വിദ്യകൾ പരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിംഗിനായാണ് കൊവിഡ് രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകി ഡിജിപി ഉത്തരവിറക്കിയത്. ഈ വിവരങ്ങൾ എവിടെയും കൊടുക്കില്ലെന്നും, എവിടെയും പങ്കുവയ്ക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇക്കാര്യത്തിൽ അനാവശ്യ ആശങ്ക വേണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. 

എന്താണ് സ്വകാര്യതാവിവാദം?

കൊവിഡ് രോഗികളുടെ കോൾ ഡീറ്റൈൽ റെക്കോര്‍ഡ് (സിഡിആർ) ശേഖരിക്കാനുള്ള തീരുമാനമാണ് വിവാദമായത്. നിയമവിരുദ്ധമായ നീക്കമാണിതെന്നും, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആക്ഷേപമുയർന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ഡിജിപി ലോക്നാഥ് ബെഹ്റ ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍ കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവിറക്കിയത്. 

ബിഎസ്എന്‍എല്ലിൽ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്‍റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി. ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. 

നിലവില്‍ കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ബുദ്ധുമുട്ടുള്ള സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് സിഡിആര്‍ ശേഖരിക്കുന്നത്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിന് നല്‍കിയതോടെയാണ് ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നീക്കം തുടങ്ങിയത്. ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സിഡിആര്‍ എടുക്കാറുള്ളത്. രോഗിയായതിന്‍റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പൊലീസ് ശേഖരിക്കുന്നത് മൗലികാവകാശലംഘനമാണെന്ന ആക്ഷേപവും ശക്തമാവുകയാണ്. 

ഇതിന് പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് കോൾ ഡീറ്റൈൽ എടുക്കുന്നതെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് സിഡിആറിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൾ ഡീറ്റൈൽ റെക്കോര്‍ഡ് ശേഖരിക്കാനുള്ള  തീരുമാനത്തിൽ മറ്റ് ഉദ്ദേശങ്ങൾ ഒന്നുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിക്കുന്നു.

Follow Us:
Download App:
  • android
  • ios