Asianet News MalayalamAsianet News Malayalam

ഒറ്റ ആഴ്ചയിൽ 50 സമ്പര്‍ക്ക കേസുകള്‍, ഉറവിടം വ്യക്തമാകാത്ത 7  പേര്‍, എറണാകുളത്ത് ആശങ്ക

തൽക്കാലം ലോക്ഡൗണിലേക്ക് ഇല്ല എന്ന് പറയുമ്പോഴും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകൾ ശക്തമാണ്. ലോക്ഡൗണിന് ശേഷം ഇത് വരെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്കാണ്. 

covid 19 cases ernakulam
Author
Kochi, First Published Jul 9, 2020, 3:09 PM IST

കൊച്ചി: എറണാകുളം ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക. ജില്ലയിൽ ഇത് വരെ സമ്പർക്കത്തിലൂടെ രോഗം പകർന്ന 75 ൽ 50 കേസുകളും കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ കർശനനടപടികളാണ് ജില്ല ഭരണകൂടം നടപ്പാക്കുന്നത്. രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ പ്രതിസന്ധി ഇന്നും തുടരുകയാണ്.

തൽക്കാലം ലോക്ഡൗണിലേക്ക് ഇല്ല എന്ന് പറയുമ്പോഴും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകൾ ശക്തമാണ്. ലോക്ഡൗണിന് ശേഷം ഇത് വരെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്കാണ്. ഇതിൽ ജൂൺ മാസത്തിൽ 13 പേർക്കാണ് സമ്പർക്കം വഴി രോഗം പകർന്നത്. എന്നാൽ ജൂലൈ മാസത്തിൽ എട്ട് ദിവസം കൊണ്ട് തന്നെ സമ്പർക്ക രോഗികൾ 50 ൽ എത്തി. ടെസ്റ്റ് പൊസിറ്റീവ് കൂടിയ സാഹചര്യത്തിൽ രണ്ട് ദിവസം മുൻപ് മാത്രമാണ് ജില്ലയിൽ ആന്‍റിജെൻ ടെസ്റ്റ് ഉൾപ്പടെ കൂടുതൽ പരിശോധനകൾ തുടങ്ങിയത്. ഈ സാഹചര്യത്തിൽ രോഗികളുടെ എണ്ണം ഈ മാസത്തിൽ കൂടുമെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 25 ൽ 16ഉം, ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 21ൽ 9 ഉം, ബുധനാഴ്ചത്തെ 16 ൽ 9 ഉം സമ്പർക്ക രോഗികളാണ്. 

ഇതിൽ ഉറവിടം വ്യക്തമാകാത്ത രോഗികൾ 7 പേരുമുണ്ട്. ആലുവയിലെ 13 വാർഡുകളും, തീരദേശമേഖലയായ ചെല്ലാനം ഗ്രാമപഞ്ചായത്തും,കൊച്ചി സിറ്റിയിൽ 10 വാർഡുകളും നിയന്ത്രിത മേഖലയാണ്. ചമ്പക്കര, ബ്രോഡ്വെ, വരാപ്പുഴ, ആലുവ മാർക്കറ്റുകൾ അടച്ചു. ഈ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി രോഗവ്യാപന സാധ്യതക്ക് തടയിടാനാണ് ശ്രമം.

എറണാകുളം ജനറൽ ആശുപത്രിയിൽ രണ്ടാമതും രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി തുടരുകയാണ്. കാർഡിയോളജി, ജനറൽ മെഡിക്കൽ വാർഡുകൾ മറ്റ് രോഗികളെ പ്രവേശിപ്പിക്കാനാകില്ല. ഇവിടെയാണ് കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 40 രോഗികളെയും, കൂട്ടിരിപ്പുകാരെയും ക്വാറന്‍റീനിൽ പാർപ്പിച്ചിച്ചിരിക്കുന്നത്. ഇതിൽ 18 പേർ ഐസിയുവിലാണ് ക്വാറന്‍റീൻ. കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള രോഗികൾക്കും ഇതേ ആശുപത്രിയിലാണ് ക്വാറന്‍റീൻ. ചില സ്വകാര്യ ആശുപത്രികൾ നിയന്ത്രിത മേഖലയിൽ നിന്ന് വരുന്ന രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതി ഉയരുന്നു, എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് രോഗികളെ മാത്രമാണ് ചികിത്സിക്കുന്നതും. ഈ സാഹചര്യത്തിൽ കൊവിഡ് ഇതര ചികിത്സക്ക് ജില്ലയിൽ സൗകര്യമില്ലാത്ത സാഹചര്യം സാധാരണക്കാരായ രോഗികൾക്ക് പ്രതിസന്ധിയാവുകയാണ്.

എറണാകുളം ജില്ല കൊവിഡ് സമ്പര്‍ക്ക കേസുകള്‍ ഈ ആഴ്ച 

ജൂലൈ 1 12 8 (തിയതി ,ജില്ലയിൽ പോസിറ്റീവായ കേസുകൾ,സമ്പർക്കത്തിലൂടെ പകർന്നത് എന്ന ക്രമത്തിൽ)

ജൂലൈ 2  9 4

ജൂലൈ 3  17 3

ജൂലൈ 4  13 0

ജൂലൈ 5  12 1

ജൂലൈ 6  25 16

ജൂലൈ 7  21 9

ജൂലൈ 8  16 9

ജില്ലയിലെ ആകെ സമ്പർക്ക രോഗികൾ ഇത് വരെ 75

ജൂൺ മാസം 13

ജൂലൈ 1- ജൂലൈ 8 വരെ മാത്രം 50 കേസുകൾ

 

Follow Us:
Download App:
  • android
  • ios