Asianet News MalayalamAsianet News Malayalam

അതിർത്തികളിൽ പരിശോധന കർശനമാക്കാൻ കേരളം, ഒറ്റയടിക്ക് ലോക്ക് ഡൗൺ പിൻവലിക്കേണ്ടെന്ന് നിലപാട്

ചെറുവഴികളിൽ അടക്കം പരിശോധന വേണമെന്നും, കർക്കശമായ പരിശോധന തന്നെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെയാണ്. 

covid 19 cm instructions to district collectors on resilient measures
Author
Thiruvananthapuram, First Published Apr 26, 2020, 3:17 PM IST

തിരുവനന്തപുരം: അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കിടയിൽ കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ അതി‍ർത്തിയിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാകളക്ടർമാരുടെയും എസ്പിമാരുടെയും ഡിഎംഒമാരുടെയും സംയുക്ത വീഡിയോ കോൺഫറൻസിംഗ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഹോട്ട്സ്പോട്ടുകളിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

കേന്ദ്രഇളവനുസരിച്ച് ഇന്ന് സംസ്ഥാനത്ത് ചെറിയ കടകളും ഫാൻസി ഷോപ്പുകളും തീവ്രബാധിതമേഖലകൾ അല്ലാത്തയിടത്ത് തുറന്നിരുന്നു. ഇന്നത്തെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിലയിരുത്തി. 

തമിഴ്നാടും കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വലിയ ആശങ്കയാണ് ഇപ്പോഴും നിലനിൽക്കുന്നത്. കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയൽസംസ്ഥാനങ്ങളിൽ പോയി വന്നവർക്ക് പലർക്കും രോഗം സ്ഥിരീകരിച്ചു. ഇത് തടയാനാണ് ചെറുവഴികളിലും ഊടുവഴികളിലും കർക്കശമായ പരിശോധന നടത്താൻ മുഖ്യമന്ത്രി നി‍ർദേശിക്കുന്നത്. നിലവിൽത്തന്നെ അതിർത്തിയിലെ വഴികളിൽ പലതിലും പൊലീസ് ഡ്രോണുപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമേ, ചെറുവഴികളിലേക്ക് കൂടി പരിശോധന ശക്തമാക്കും.

Read more at: പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കും; പ്രതിരോധം ശക്തമാക്കാൻ കേരളം

അതോടൊപ്പം വടക്കൻ സംസ്ഥാനങ്ങളിലടക്കം ശക്തമായ നിയന്ത്രണങ്ങളാണ് നിലവിൽ നിലനിൽക്കുന്നത്. ട്രിപ്പിൾ ലോക്ക് ഉള്ള കണ്ണൂർ അടക്കമുള്ള ഇടങ്ങളിൽ ആർക്കും ഭക്ഷണം ഇല്ലാതിരിക്കരുത്. അതിനായി നടപടികളെടുക്കണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കൊവിഡ് പരിശോധന ശക്തമാക്കാനാണ് ഡിഎംഒമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ദിവസം മൂവായിരം പരിശോധനകളെങ്കിലും നടത്തണമെന്നാണ് സർക്കാർ തീരുമാനം.  

ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കർണാടകയും തമിഴ്നാടും കേന്ദ്രതീരുമാനം അംഗീകരിക്കാമെന്ന നിലപാടിലാണ്. കേരളം ഇന്നത്തെ അവലോകനയോഗത്തിലെ വിലയിരുത്തലുകൾ പരിശോധിച്ച ശേഷമാകും നാളത്തെ യോഗത്തിൽ വ്യക്തമായ നിലപാട് പറയുക. എന്തായാലും മെയ് 3-ന് ശേഷം ഒറ്റയടിക്ക് ലോക്ക് ഡൗൺ നീക്കണമെന്ന ആവശ്യം കേരളവും നാളത്തെ യോഗത്തിൽ പറയാൻ സാധ്യതയില്ല. പ്രവാസികളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കാനുള്ള തീരുമാനം ഉടനെ കൈക്കൊള്ളണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios