തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ ഡയറക്ട്രേറ്റിന്‍റെ ലീഡ് പദ്ധതി പ്രകാരം ലണ്ടനിലെ കാർഡിഫ് സര്‍വകലാശാലയിൽ പരിശീലനത്തിന് പോകാനിരിക്കുന്ന കോളേജ് ചെയർമാൻമാരുടെ രണ്ടാം സംഘത്തിന്റെ യാത്ര റദ്ദാക്കി. കോവിഡ് പശ്ചാത്തലത്തിൽ ആണ് നടപടി എന്നാണ് വിശദീകരണം. പരിശീലനത്തിന് പോയി തിരിച്ചു വന്ന ആദ്യ സംഘം വീട്ടിൽ നിരീക്ഷണത്തിലാണ്. എന്നിട്ടും രണ്ടാം സംഘം യാത്രക്ക് ശ്രമിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പരീക്ഷയായത് കാരണം ആദ്യ സംഘത്തൊടൊപ്പം പോകാൻ കഴിയാതിരുന്ന മൂന്ന് ചെയർമാൻ മാരടക്കം 32 ചെയർമാൻമാരാണ് രണ്ടാം സംഘത്തിലുള്ളത്. ഈ മാസം 23 മുതൽ 27 വരെയായിരുന്ന യാത്ര തീരുമാനിച്ചിരുന്നത്. ഇവരുടെ സംഘത്തില്‍ രണ്ട് അധ്യാപകരും ഉണ്ടായിരുന്നു. പ്രത്യേക അനുമതി വാങ്ങി ലണ്ടൻ യാത്രക്ക് ഒരുക്കങ്ങൾ നടക്കുകയായിരുന്നു ഇവര്‍.

അതേസമയം, യുകെയിൽ പരിശീലനത്തിന് പോയി വന്ന സംസ്ഥാനത്തെ 27 സർക്കാ‍ർ കോളേജുകളിലെ ചെയർമാൻമാരാണ് കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിലാണ്. സാമ്പത്തിക പ്രതിസന്ധികാലത്തെ കോളേജ് ചെയർമാൻമാരുടെ വിദേശ പരീശിലീനം വൻ വിവാദത്തിലായിരുന്നു. പക്ഷെ എതിർപ്പുകൾ തള്ളിയ സർക്കാർ നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. ഇതിനിടെയാണ് ഇംഗ്ലണ്ടിലടക്കം കോവിഡ് പടർന്നുപിടിച്ചത്. 

Also Read: കൊവിഡ് 19: ലണ്ടനിൽ പോയ കോളേജ് യൂണിയൻ ചെയര്‍മാൻമാര്‍ ഐസൊലേഷനിൽ, യാത്ര റദ്ദാക്കാതെ രണ്ടാം സംഘം

ഈ മാസം രണ്ടിനാണ് കാഡിഫ് സർവ്വകലാശാലയിലെ പരിശീലനത്തിന് ആദ്യ സംഘം പോയത്. 27 ചെയർമാൻമാരും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ അടക്കമുള്ള രണ്ട് അധ്യാപകരും കോളേജ് വിദ്യാഭ്യാസവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്. 10ന് തിരിച്ചെത്തിയ എല്ലവരും ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്. യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ തിരിച്ചെത്തിയ ശേഷം രണ്ടു ദിവസം കോളേജിലെത്തി. അതിന് ശേഷമാണ് കഴിഞ്ഞ ദിവസമാണ് നിരീക്ഷണത്തിൽ കഴിയാൻ തുടങ്ങിയത്.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക