തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് സ്ഥിരീകരിച്ച 1038 കൊവിഡ് കേസുകളില്‍ 785 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 57 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

തിരുവനന്തപുരത്ത് അതീവ ഗുരുതരാവസ്ഥയാണ് തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സ്ഥിരീകരിച്ച 226 കേസുകളില്‍ 196 രോഗികളും  സമ്പര്‍ക്കത്തിലൂടെയാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥനാത്ത് കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

കൊല്ലത്ത് സ്ഥിരീകരിച്ച 133 കൊവിഡ് കേസുകളില്‍ 116 ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം 5 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.  തീര പ്രദേശങ്ങളിലാകെ കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.  പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍നിന്നുള്ളവരാണ്. ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്കും വൈക്കം മത്സ്യമാര്‍ക്കറ്റില്‍ രോഗബാധിതനായ ആളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും  കോവിഡ്  ബാധിച്ചു.

കോഴിക്കോട് ജില്ലയിൽ ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. ഇതില്‍ 17 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപ്പെട്ടത്. മലപ്പുറം ജില്ലയില്‍ 61 പേരില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. പത്തനംതിട്ടയില്‍   ഇന്ന് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 32 പേർക്കും രോഗം സർക്കത്തിലൂടെയാണ്.  രണ്ട് ഡോക്ടർമാർ അടക്കം മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായി. നാല് പേരുടെ ഉറവിടം അവ്യക്തമാണ്. 

തൃശ്ശൂരില്‍ രോഗം സ്ഥിരീകരിച്ച 56 പേരില്‍  33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയില്‍  93 കേസുകളില്‍ 66ഉം സമ്പര്‍ക്കത്തിലൂടെയാണ്. ആലപ്പുഴ ജില്ലയില്‍ സ്ഥിരീകരിച്ച 120 കേസുകളില്‍ 59 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇടുക്കിയില്‍ 27 പേര്‍ക്കും കാസര്‍കോട് കാസർകോട് 85 പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നിട്ടുണ്ട്.