Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ സ്ഥിതി ആശങ്കാജനകം; സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ

രോഗ വ്യാപനം തടയാനായി കൂടുതൽ കർശനമായ നിലപാടിലേക്ക് പോകണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രോഗവ്യാപന സ്ഥലങ്ങളിൽ അതിനനുസരിച്ച് നിയന്ത്രണം ഉണ്ടാകുമെന്നും രോഗ വ്യാപനം അധികമാകുന്ന സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Covid 19 contact spreading rate is higher in kannur says cm pinarayi vijayan
Author
Trivandrum, First Published May 29, 2020, 6:46 PM IST

തിരുവനന്തപുരം: കണ്ണൂരിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കത്തിലൂടെ സംസ്ഥാനത്ത് പത്ത് ശതമാനം പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചതെങ്കിൽ കണ്ണൂരിൽ 20 ശതമാനമാണ് രോഗബാധ. 93 പേർ ചികിത്സയിലുള്ളതിൽ 19 പേർക്ക് സംമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 

കണ്ണൂരിൽ ഇന്ന് 7 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇവരിൽ 6 പേർ ഗൾഫിൽ നിന്നെത്തിയവരാണ്. ഒരാൾ മുംബൈയിൽ നിന്നും. ഇന്ന് കണ്ണൂരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഇല്ല.

രോഗ വ്യാപനം തടയാനായി കൂടുതൽ കർശനമായ നിലപാടിലേക്ക് പോകണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രോഗവ്യാപന സ്ഥലങ്ങളിൽ അതിനനുസരിച്ച് നിയന്ത്രണം ഉണ്ടാകുമെന്നും രോഗ വ്യാപനം അധികമാകുന്ന സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹ വ്യാപനം ഇല്ല

കേരളത്തിൽ 2019 ജനുവരി ഒന്ന് മുതൽ മെയ് 15 വരെ 93717 മരണങ്ങളാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം ഇതേ കാലയളവിൽ 73155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനർത്ഥം മരണസംഖ്യയിൽ കുറവുണ്ടായെന്നാണ്. ഈ ജനുവരി അവസാനം കൊവിഡ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. സാമൂഹിക വ്യാപനം ഉണ്ടെങ്കിൽ ഇതാവില്ല സ്ഥിതി. ജനുവരി മുതൽ ഇതുവരെ പനി, ശ്വാസകോശ അണുബാധ ഐസിയു രോഗികളുടെ എണ്ണം താരതമ്യം ചെയ്തു. മെഡിക്കൽ ബോർഡ് ശാസ്ത്രീയ വിശകലനം നടത്തി. 2018 നെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം കുറഞ്ഞു. ന്യൂമോണിയ, ശ്വാസതടസം എന്നിവയും കുറഞ്ഞു.

നാല് പേർക്കാണ് ഇത് വരെ സെന്റിനൽ സർവെയ്ലൻസിൽ രോഗം കണ്ടെത്തി. ഓഗ്മെന്റഡ് പരിശോധനയിൽ നാല് പേർക്കും തിരിച്ചെത്തിയ പ്രവാസികളിൽ 29 പേർക്ക് പൂൾഡ് പരിശോധനയിൽ ഫലം പോസിറ്റീവായി. സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ല.

കേരളത്തിൽ 28 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയേറ്റു. രോഗി പരിചരണത്തിൽ ഏർപ്പെട്ടവരും പൊതുജനാരോഗ്യ പ്രവർത്തകരും ഉണ്ട്. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനവും മാർഗനിർദ്ദേശങ്ങളിലെ കൃത്യതയും ആരോഗ്യസംവിധാനത്തിലെ പ്രവർത്തന മികവുമാണ് രോഗലക്ഷണം ഇല്ലാത്ത രോഗികളെ കണ്ടെത്താനടക്കം സഹായിച്ചത്. സമ്പർക്ക രോഗ വ്യാപനം വർധിച്ചാൽ നിയന്ത്രണങ്ങൾ മതിയാകാതെ വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 

Follow Us:
Download App:
  • android
  • ios