പത്തനംതിട്ട: കൊവി‍ഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ പത്താം ക്ലാസ് പരീക്ഷാ കേന്ദ്രങ്ങളിലും ഐസൊലേഷൻ ക്ലാസ് റൂമുകൾ ക്രമീകരിച്ചു.സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയാണ് അധ്യാപകർ വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് വിടുന്നത്.ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് വിദ്യാർത്ഥിൾ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാണ് പരീക്ഷയെഴുതുന്നത്. 

ജാഗ്രതാ നടപടികൾ ഉണ്ടെങ്കിലും ഒന്നും പേടിക്കാനില്ലെന്ന ആത്മവിശ്വാസമാണ് അധ്യാപകരും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാർത്ഥികൾക്ക് നൽകുന്നത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഐസൊലേഷൻ ക്ലാസ് മുറികൾ ക്രമീകരിച്ചിട്ടുണ്ട്.എന്തെങ്കിലും സംശയം തോന്നിയാൽ കുട്ടികളെ ഈ മുറികളിലേക്ക് മാറ്റും.അധ്യാപകർക്കും കുട്ടികൾക്കും സാനിറ്റൈസറുകളും മാസ്കുകളും എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. മുൻകരുതൽ നിർദ്ദേശങ്ങളും നൽകിയാണ് പരീക്ഷാ ഹാളിലേക്ക് കുട്ടികളെ കയറ്റുന്നത്.

ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ രണ്ട് പേർ പത്താം ക്ലാസ് പരീക്ഷ എഴുതുന്നവരാണ്. ഐസൊലേഷൻ ക്ലാസ് മുറിയിലാണ് ഇവർ പരീക്ഷയെഴുതുന്നത്. കൊവിഡ് ലക്ഷണങ്ങളോടെ പരീക്ഷയെഴുതാൻ കഴിയാതെ വിദ്യാർത്ഥികളുണ്ടെങ്കിൽ അവർക്ക് സേ പരീക്ഷയിൽ അവസരം നൽകും.