കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി ഇന്ന് ഇതുവരെ മൂന്ന് പേരാണ് കൊവിഡിന് കീഴടങ്ങിയത്. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച മൂന്ന് പേരും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം വര്‍ധിക്കുന്നു. കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി ഇന്ന് ഇതുവരെ മൂന്ന് പേരാണ് കൊവിഡിന് കീഴടങ്ങിയത്. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച മൂന്ന് പേരും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. തൃക്കരിപ്പൂർ ആയിറ്റി സ്വദേശി എപി അബ്ദുൾ ഖാദർ (62) ആണ് കാസർകോട് ഇന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കാൻസർ ബാധിതനാണ് ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയും ഇന്നാണ് മരിച്ചത്. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവർക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ഇന്ന് രാവിലെ മരിച്ചു. 70 വയസുള്ള ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക റിലീസ് പ്രകാരം 84 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കണക്കനുസരിച്ച് മരിച്ചവരിൽ 70 ശതമാനം പേരും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്.