Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ആശ്വാസം: ഇന്നലെ ആര്‍ക്കും കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ നാളെ കേരളത്തിലെത്തും .അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും  ദുബായില്‍ നിന്നും  കോഴിക്കോട്ടേക്കുമുള്ള  വിമാനങ്ങളാണ് നാളെ എത്തുക.

covid 19 kerala situation pinarayi vijayan press meet
Author
Trivandrum, First Published May 6, 2020, 5:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത്  ആശ്വാസത്തിന്‍റെ ദിനമായിരുന്നു ഇന്നലെ. ആര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചില്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് അസുഖം ഭേദമായത്. 

നിലവിൽ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളത്. 502 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലാണ്. ഇന്നലെ 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്. സംസ്ഥാനത്തെ 6 ജില്ലകളിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികളുള്ളത്.  8 ജില്ലകൾ കൊവിഡ് മുക്തമായി. പുതിയ ഹോട്ട് സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്. 

മുൻഗണനാ ഗ്രൂപ്പിലെ 2947 സാമ്പിളുകൾ ശേഖരിച്ചത് 2147 എണ്ണം നെഗറ്റീവായി. നമ്മുടെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.കണ്ണൂരിൽ 18 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കൊവിഡ് മുക്തമായി എട്ട് ജില്ലകളുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം കോട്ടയം പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം. പുതുതായി ഇന്നലെ ഹോട്ട്സ്പോട്ടുകളില്ല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്, ആശ്വാസം

ലോക്ക് ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ പെട്ട് പോയ കേരളീയർ നാളെ മുതൽ കേരളത്തിലെത്തും. നടപടിക്രമങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏർപ്പെടുത്തിയ കപ്പലുകളിലാണ് ഇവർ വരുന്നത്. നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും സൗദിയിൽ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുൻനിർത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ മറുപടി ലഭിച്ചിട്ടില്ല.

മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തിൽ കരുതലോടെ ഇടപെടും. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതൽ ആ ജാഗ്രത ഉണ്ടാകണം. അവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറാണ്. രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാർത്ഥികളടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്. 

ദില്ലി ജാമിയ മിലിയയിലെ മലയാളി വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച ഒരു നിർദേശം ഈ മാസം 15-ന് മുമ്പ് ഹോസ്റ്റൽ ഒഴിയണമെന്നാണ്. അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്. ഇതൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ദില്ലി, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കാൻ ഊർജിതമായ ശ്രമം കേരളം നടത്തുന്നു. പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്നാണ് ആവശ്യം. ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 1200-ഓളം മലയാളി വിദ്യാർത്ഥികൾ തിരിച്ച് വരാൻ ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേർ ദില്ലിയിൽ, 348 പേർ പഞ്ചാബിൽ, 89 പേർ ഹരിയാനയിൽ, ഹിമാചലിൽ 17 പേർ ഉണ്ട്. ദില്ലിയിൽ നിന്ന് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാ‍ർത്ഥികൾക്ക് ദില്ലിയിലെത്തി യാത്ര തുടങ്ങാനാകും.

ഇത് സംബന്ധിച്ച് റെയിൽവേയുമായി ഔപചാരികമായി ബന്ധപ്പെടാൻ ദില്ലി മുഖ്യമന്ത്രിയോട് അഭ്യ‍ർത്ഥിച്ചു. പ്രത്യേക ട്രെയിനിന്‍റെ തീയതി കിട്ടിയാൽ വിദ്യാർത്ഥികളെ ദില്ലിയിൽ എത്തിക്കാൻ സംസ്ഥാനസർക്കാരുകളുമായും കേന്ദ്രവുമായും ബന്ധപ്പെടുന്നു.ഇതരസംസ്ഥാനങ്ങങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇതുവരെ 6802 പേരാണ് എത്തിയത്. 2,03,189 പേർ കൊവിഡ് ജാഗ്രതാ പോർട്ടൽ വഴി റജിസ്റ്റർ ചെയ്തു. പാസ്സ് തേടിയത് 69,108 പേരാണ്. 32,878 പാസ്സുകൾ വിതരണം ചെയ്തു.

തമിഴ്നാട്ടിൽ നിന്ന് 4298 പേർ, കർണാടകയിൽ നിന്ന് 2120 പേർ, മഹാരാഷ്ട്രയിൽ നിന്ന് 98 പേരാണ് എത്തിയത്. ഏറ്റവും കൂടുതൽ റജിസ്ട്രേഷനുള്ളത് ഈ ജില്ലകളിലാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലേക്കാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. വാളയാർ ചെക്ക്പോസ്റ്റിലൂടെ മാത്രം 4369 പേർ വന്നു, മഞ്ചേശ്വരം ചെക്ക്പോസ്റ്റിലൂടെ 1637 പേരും വന്നു. 

ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയവരുടെ എണ്ണം 576 ആണ്. ലോക്ക്ഡൗൺ കാരണം മാതാപിതാക്കളിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന 163 കുട്ടികൾ തിരികെയെത്തിവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് അടിയന്തരചികിത്സയ്ക്കായി 47 പേരെത്തി. 66 ഗർഭിണികളും എത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിന് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള സ്ഥലം ഹോട്ട്സ്പോട്ടാണെങ്കിൽ തിരിച്ചെത്തിയാൽ സർക്കാർ ഏർപ്പെടുത്തുന്ന ക്വാറന്‍റൈനിൽ ഏഴ് ദിവസം കഴിയണം. ഇക്കാര്യത്തിൽ ഗർഭിണികളെ ഒഴിവാക്കും. അത് വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായാലും.

ഇപ്പോൾ സംസ്ഥാനത്ത് നിന്ന് യാത്രാനുമതി ലഭ്യമായ ശേഷം കേരളത്തിലെ ഏത് ജില്ലയിലേക്കാണോ വരേണ്ടത് ആ സംസ്ഥാനത്ത് നിന്നുള്ള പാസ്സ് വാങ്ങണം. അതിന് ശേഷം ഏത് ജില്ലയിലേക്കാണ് വരേണ്ടത് അവിടേക്കുള്ള പാസ്സ് ലഭ്യമാക്കേണ്ടതുണ്ട്. അത് covid19.jagratha.nic.in എന്ന പോർട്ടലിലേക്കാണ് റജിസ്റ്റർ ചെയ്യേണ്ടത്. നോർക്ക റജിസ്ട്രേഷൻ നമ്പറോ മൊബൈൽ നമ്പറോ ഇതിനായി ഉപയോഗിക്കാം.

വരുന്ന വാഹനത്തിന്‍റെ വിശദാംശങ്ങളും നൽകണം. കേരളത്തിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ തീയതിയിൽ അതിർത്തിയിൽ എത്തുന്ന വിധം യാത്ര തുടങ്ങാവുന്നതാണ്. വരുന്ന ജില്ലയിൽ നിന്നും, എത്തിച്ചേരുന്ന ജില്ലയിൽ നിന്നും പാസ്സ് വേണം. ബന്ധുക്കളെ സന്ദർശിക്കാൻ പോയി കേരളത്തിൽ കുടുങ്ങിയ മലയാളികൾക്ക് ഇതരസംസ്ഥാനങ്ങളിലെ സ്വന്തം വീട്ടിലേക്ക് പോകാൻ തടസ്സമില്ല. പക്ഷേ എവിടെയാണോ പോകേണ്ടത് അതാത് ജില്ലകളിലെ അനുമതി വാങ്ങണം. പാസ്സ് ഇവിടെ നൽകാം.

വിദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്തുമ്പോൾ മാധ്യമങ്ങൾ നിയന്ത്രണം പാലിക്കണം. അഭിമുഖം എടുക്കാൻ പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ശാരീരികാകലം നിർബന്ധമായും പാലിക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വാർത്താശേഖരണത്തിൽ ചട്ടങ്ങൾ പാലിക്കണം. മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജി തലത്തിലാകും സുരക്ഷ.

തിരുവനന്തപുരത്ത് സഞ്ജയ് കുമാർ ഗുരുദിൻ, എറണാകുളത്ത് മഹേഷ് കുമാർ കാളിരാജ്, കരിപ്പൂരിൽ എസ് സുരേന്ദ്രൻ, കണ്ണൂരിൽ കെ സേതുരാം. കൊച്ചി തുറമുഖത്തിന്‍റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്ക്. ജില്ല വിട്ട് യാത്ര ചെയ്യുന്നവർക്ക് പാസ്സ് കിട്ടാൻ അതത് പൊലീസ് സ്റ്റേഷനുകളിലാണ് ബന്ധപ്പെടേണ്ടത്. അതും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അതിനാൽ പാസ്സ് കിട്ടാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. www.pass.besafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസ്സിന് അപേക്ഷിക്കാം. മൊബൈൽ ഫോണിലേക്ക് പാസ്സിലൂടെ ലിങ്ക് ലഭിക്കും.

Follow Us:
Download App:
  • android
  • ios