Asianet News MalayalamAsianet News Malayalam

24 മണിക്കൂറിൽ 593 കേസുകൾ,രണ്ട് മരണം: കൊവിഡ് കുരുക്കിൽ കേരളം

സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.

covid 19 kerala updates cm pinarayi vijayan press conference
Author
Kerala, First Published Jul 18, 2020, 6:03 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11659 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും രോഗം സ്ഥിരീകരിച്ചു. 

19 ആരോഗ്യപ്രവർത്തർ, ഒരു ഡിഎസ്ഇ, ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചത്. 70 വയസുള്ള അരുൾദാസ്, 60 വയസുള്ള ബാബുരാജ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പൊസീറ്റീവ് കേസുകൾ (ജില്ല തിരിച്ച് )

തിരുവനന്തപുരം -173, കൊല്ലം -53, പാലക്കാട് -49, എറണാകളും -44, ആലപ്പുഴ -42, കണ്ണൂർ -39, കാസർകോട് -29, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ 26 പേർ, തൃശ്ശൂർ - 21, മലപ്പുറം -19 കോട്ടയം -16.   


കഴിഞ്ഞ 24 മണിക്കൂറിൽ 18,937 സാംപിളുകൾ പരിശോധിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,73,932 പേരാണ്. ആശുപത്രികളിൽ 6,841 പേരുണ്ട്. ഇന്ന് പുതുതായി 1,053 പേരെ ആശുപത്രിയിലാക്കി. 6413 പേർ നിലവിൽ കൊവിഡ് ചികിത്സ തേടുന്നു. ഇതുവരെ ആകെ 2,85,158 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതിൽ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽസ് സർവ്വൈലൻസിൻ്റെ ഭാഗമായി 92,312 സാംപിളുകൾ ശേഖരിച്ചു. അതിൽ 87,653 എണ്ണം നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയി.

മുഖ്യമന്ത്രിയുടെ വാക്കുകൾ.
 
സംസ്ഥാനത്തെ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിൻ്റെ രണ്ടാം പാദത്തിലെത്തിയെന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. മെയ് നാലിന് 499 രോഗികളും മൂന്ന് മരണങ്ങളുമാണ് കേരളത്തിലുണ്ടായിരുന്നത്. ലോക്ക് ഡൗണിന് മുൻപ് കേരളത്തിന് പുറത്ത് കൊവിഡ് വ്യാപനം ശക്തമായിരുന്നില്ല. അതിനാൽ കേരളത്തിലേക്ക് വന്നവരിൽ രോഗവും കുറവായിരുന്നു. മാത്രമല്ല ബ്രേക്ക ദ് ചെയിൻ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇപ്പോൾ രോഗികളുടെ പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. എന്നാൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ് ഉറവിടമറിയാത്ത കേസുകളും കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. 

ലോകാരോഗ്യസംഘടന പറയുന്നത് നാല് തരത്തിലുള്ള ഘട്ടങ്ങളാണ് രോഗവ്യാപനത്തിനുള്ളത് എന്നാണ്. ഒന്ന് രോഗികളില്ലാത്ത അവസ്ഥ, രണ്ട് പുറത്തു നിന്നും ആളുകൾ വന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ, മൂന്ന് ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥ, മൂന്ന് വ്യാപകമായി സാമൂഹിക വ്യാപനം ഉണ്ടാകുന്ന അവസ്ഥ.

വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ക്ലസ്റ്ററുകളിൽ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നു. 

ഗുരുതര രോഗമുള്ളവരെ വെൻ്റിലേറ്റർ, ഐസിയു സൗകര്യത്തോട് കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാകേന്ദ്രമായ ഫസ്റ്റ് ലൈൻ ട്രീൻമെന്റ് സെൻ്ററുകളിലും പ്രവേശിപ്പിക്കണം. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് തരം കൊവിഡ് ആശുപത്രികളുണ്ട്. സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് ചികിത്സയ്ക്ക് അനുമതി നൽകി. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ അമ്പതിനായിരം കിടക്കകളോട് കൂടിയ കൊവിഡ് കെയർ സെൻ്റർ നിർമ്മിക്കാൻ ശ്രമം തുടരുന്നു. 

സംസ്ഥാനത്തെ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തിൽപ്പെടാത്ത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാൻ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം അതിശക്തമായാൽ ഈ രീതി കേരളത്തിലും വേണ്ടി വരും. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട്.

സർക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാൽ കൊവിഡ് നേരിടാം. അതിനായി ജീവൻ്റെ വിലയുള്ള ജാഗ്രത എന്ന പേരിൽ ബ്രേക്ക് ദ ചെയിൻ ക്യാംപെയ്ൻ ആരംഭിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം മാസങ്ങൾ പിന്നിട്ടതിനാൽ പൊതുവിൽ ക്ഷീണവും അവശതയും ആരോഗ്യപ്രവർത്തകർക്കുണ്ട്. എന്നാൽ കൊവിഡിനെ നേരിടുമ്പോൾ നാം നിന്താത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തിൽ ആരും മാറി നിൽക്കരുത് എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. 

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നു. ഇന്ന് 152 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണവകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്നു. സമ്പർക്കത്തിലൂടെ രോഗികൾ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യപ്രവർത്തകരും സജ്ജരാണ്. 

 

നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടൽ നടക്കുന്നു. തിരുവനന്തപുരം സ്റ്റാച്യു, അട്ടക്കുളങ്ങര, പേരൂർക്കട തുടങ്ങിയ സ്ഥലങ്ങളിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ട് ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നു. ഇന്നു മുതൽ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക് ഡൗൺ നടപ്പാക്കും. 

തീരപ്രദേശത്തെ മൂന്ന് സോണായി തിരിച്ചാണ് നിയന്ത്രണം. ഇടവ, ഒറ്റൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമപഞ്ചായത്ത്, വർക്കല മുൻസിപ്പാലിറ്റി എന്നിവ സോൺ ഒന്നാണ്. ചിറയിൻകീഴ്, കഠിനംകുളം, കോർപറേഷനിലെ തീരപ്രദേശം എന്നിവ സോൺ രണ്ടാണ്. സോൺ മൂന്നിൽ കോട്ടുക്കാൽ, കരിങ്കുളം, പൂവാ‍ർ, കുളത്തൂ‍ർ പഞ്ചായത്തിലെ തീരപ്രദേശം സോൺ മൂന്നിൽ ഉൾപ്പെടും. മുൻനിശ്ചയിച്ച പരീക്ഷകൾ ഈ സോണിൽ മാറ്റിവയ്ക്കും. ഓഫീസുകൾ പ്രവർത്തിക്കില്ല. ആശുപത്രികൾ, മെഡിക്കൽ അനുബന്ധസ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവ‍ർത്തിക്കാം. ദേശീയപാതയിലൂടെ ​ഗതാ​ഗതം അനുവദിക്കും. എന്നാൽ ഈ പ്രദേശത്ത് വാഹനം നിർത്താൻ പാടില്ല.

പാൽ, പലചരക്ക്, ഇറച്ചി, പച്ചക്കറി എന്നീ കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം നാല് വരെ പ്രവർത്തിക്കാം. ഒരോ കുടുംബത്തിനും അഞ്ച് കിലോ അരിയും ഒരു കിലോ ധാന്യവും സിവിൽ സ്പ്ലൈസ് നൽകും. പ്രദേശത്ത് ഹോ‍ർട്ടികോ‍ർപ്പ് സപ്ലൈകോ കെപ്കോ എന്നിവയുടെ മൊബൈൽ വാഹനം എത്തിച്ച് വിൽപന നടത്തും, മൊബൈൽ എടിഎം സൗകര്യവും നൽകും.

സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡി.കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കൊവിഡിനെ ചെറുക്കുന്ന ആൻ്റിബോഡി രോ​ഗം ഭേദമായവരുടെ രക്തത്തിൽ നിന്നും വേ‍ർതിരിച്ചെടുത്ത് കൊവിഡ് രോ​ഗികളെ ചികിത്സിക്കാൻ ഉപയോ​ഗിക്കും. കൊവിഡ് ബാധിച്ച് അതീവ​ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേ‍ർ കൂടി പ്ലാസ്മ ചികിത്സയിലൂടെ രോ​ഗമുക്തി നേടി ഇന്നലെ വീട്ടിലേക്ക് മടങ്ങി. അവ‍ർക്ക് പ്ലാസ്മ നൽകാൻ കൊവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയത്. ഇനിയും ഇരുന്നൂറോളം പേ‍ർ പ്ലാസ്മ നൽകാൻ തയ്യാറാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്നും പ്ലാസ്മ എത്തിച്ച നൽകി. 

കണ്ണൂ‍ർ ജില്ലയിൽ സമ്പർക്കം മൂലം രോ​ഗബാധയുണ്ടായ 15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 18 വാ‍ർഡുകളും പൂ‍ർണമായും അടച്ചിട്ടു. കാസ‍ർകോട് അതി‍ർത്തിയിൽ ക‍ർണാടകയിലെ ദ​ക്ഷിണകന്നഡയിൽ രോ​ഗവ്യാപനം ശക്തമാണ്. ഇത് കാസർകോടും രോ​ഗവ്യാപനത്തിന് കാരണമാകും എന്ന ആശങ്ക സൃഷ്ടിക്കുന്നു. പത്തനംതിട്ടയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ച 26 പേരിൽ 12 പേർക്കും സമ്പ‍ർക്കത്തിലൂടെയാണ് രോഗം.

തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെൻ്റിൽ 29 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പബ്ലിക്ക് ഹെൽത്ത് ലാബിൽ ആർടിപിസിആ‍ർ ടെസ്റ്റ് നടത്താനുള്ള പ്രവർത്തനം പൂർത്തിയായി വരുന്നു. വയനാട്ടിൽ ഇന്ന് സ്ഥിരീകരിച്ച 26 കേസിൽ 11ഉം സമ്പർക്കം വഴിയാണ്. മൂന്ന് പഞ്ചായത്തുകളിൽ ജാ​ഗ്രത തുടരുന്നു. പുൽപ്പള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലും മാനന്തവാടി ന​ഗരസഭയിലെ നാല് വ‍ാർഡുകളും, പൂതാടി, ഇടവക, തൊണ്ടനാട്, മീനങ്ങാട്, കോട്ടത്തറ, കണിയാൻപറ്റ, മമേപ്പാടി പഞ്ചായത്തുകളിലെ ഏതാനം വാ‍ർഡുകളും കണ്ടൈൻമെൻ്റ് സോണാണ്. റാട്ടക്കലി കോളനി മൈക്രോ കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. 

ആലപ്പുഴയിൽ 23 പേ‍ർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോ​ഗബാധയുണ്ടായി. തീരദേശമേഖലയിൽ മാത്രം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ സെൻ്ററിൽ ആയിരം കിടക്ക തയ്യാറാക്കാനാണ് പദ്ധതി. 

തൃശ്ശൂരിൽ അഞ്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ കൂടി കണ്ടൈൻമെൻ്റ് സോണാക്കും. മെഡിക്കൽ കോളേജിൽ ഒരാൾ കൂടി ഇന്ന് പ്ലാസ്മാ ചികിത്സയിലൂടെ രോ​ഗമുക്തി നേടി. ഇതുവരെ നാല് പേർക്കാണ് പ്ലാസ്മാ ചികിത്സ നൽകിയത്. 

എറണാകുളത്ത് കൂടുതൽ ശ്രദ്ധ വേണ്ട സ്ഥിതിയാണ്. കീഴ്മാട്, ചെല്ലാനം, ആലുവ എന്നിങ്ങനെ മൂന്ന് ക്ലസ്റ്ററുകളാണ് അവിടെയുള്ളത്.

കണ്ടൈൻമെൻ്റ് സോണിന് സാധനം വിൽക്കാൻ ആലുവയിലെ വ്യാപാരികൾക്ക് അനുമതിയില്ല. എന്നാൽ ചരക്ക് ഇറക്കാൻ ആഴ്ചയിൽ ഒരുദിവസം അനുമതി നൽകി.

കോഴിക്കോട്ട് സമ്പർക്കം മൂലം രോ​ഗം സ്ഥിരീകരിച്ച ഏഴ് ക്ലസ്റ്ററുകളാണ് ഉള്ളത്. ഇടുക്കിയിലെ വാഴത്തോപ്പിൽ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗമുണ്ടായി. നാല് ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗം ബാധിച്ചു. കൊല്ലത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ച 53 പേരിൽ 33ഉം സമ്പർക്കം മൂലമാണ്. 9 പേരുടെ ഉറവിടം വ്യക്തമാല്ല. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ പ്രഥമ ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. 13 പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീൻ്മെന്‍റ് സെന്‍ററുകളാക്കാൻ നടപടി തുടരുന്നു.

മഴക്കാലം

2020 മൺസൂൺ സീസണിൽ ഇതുവരെ കേരളത്തിൽ ആകെ ലഭിച്ചത് 823.2 മില്ലി മീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണ മഴയുടെ ശരാശരിയേക്കാൾ 23 ശതമാനം കുറവാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 17-ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ ജൂലൈ 30 വരെയുള്ള മഴ പ്രവചനത്തിൽ കേരളത്തിൽ സാധാരണമഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശിക ഭരണകൂടവും യോ​ഗം ചേർന്ന് മുന്നൊരുക്കം വിലയിരുത്തിയിട്ടുണ്ട്.

കൊവിഡ് രോ​ഗികളെ വീട്ടിലിരുത്തി ചികിത്സിക്കുന്ന കാര്യത്തിൽ ഇപ്പോൾ സർക്കാർ തീരുമാനം എടുക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് മുഖഅയമന്ത്രി വ്യക്തമാക്കി. പക്ഷേ കേരളത്തിലെ സ്ഥിതി വല്ലാതെ മോശമായാൽ ഇത്തരം നടപടികളിലേക്ക് കടക്കേണ്ടി വരും. ആ രീതി പരിശോധിക്കണമെന്ന അഭിപ്രായവും നിർദേശവും സർക്കാരിന് മുന്നിലുണ്ട്. കൊവിഡ് പരിശോധന വേ​ഗം നടത്തി ഫലമറിയാനാണ് ശ്രമം. ഇതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ കൊവിഡ് പരിശോധന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 

കൊവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുള്ള ആശുപത്രികൾ ഇക്കാര്യം നേരത്തെ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നേരത്തെ തന്നെ അവരുമായി ചർച്ച നടത്തി ധാരണയായതാണ്. രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇനി ചികിത്സാ സൗകര്യമുള്ള ആശുപത്രികൾക്ക് രോ​ഗികളെ അഡ്മിറ്റ് ചെയ്തു തുടങ്ങാം.

കൊവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുള്ള ആശുപത്രികൾ ഇക്കാര്യം നേരത്തെ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നേരത്തെ തന്നെ അവരുമായി ചർച്ച നടത്തി ധാരണയായതാണ്. രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇനി ചികിത്സാ സൗകര്യമുള്ള ആശുപത്രികൾക്ക് രോ​ഗികളെ അഡ്മിറ്റ് ചെയ്തു തുടങ്ങാം.

കൊവിഡ് രോ​ഗികളുടെ പരിചരണം പ്രത്യേകമായാണ് നടപ്പാക്കുക. കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തിയാവും കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രികളിൽ നടത്തുക. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ കർശന നടപടിയുണ്ടാവും.
 

വാർത്താ സമ്മേളനം തത്സമയം കാണാം

 

 

Follow Us:
Download App:
  • android
  • ios