Asianet News MalayalamAsianet News Malayalam

'കേരളം വാക്സീൻ ക്ഷാമത്തിലേക്ക്, തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടകരം': ആരോഗ്യമന്ത്രി

കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയതിനാൽ  ആൾക്കൂട്ടം കുറച്ചേ മതിയാകൂ

Covid 19 kerala updates health minister kk shailaja response about vaccine stock
Author
Kannur, First Published Apr 12, 2021, 7:08 AM IST

കണ്ണൂർ: സംസ്ഥാനത്ത് വാക്സീൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കേരളവും വാക്സീൻ ക്ഷാമത്തിലേക്ക് പോകുകയാണ്. കൂടുതൽ വാക്സീൻ എത്തിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. വാക്സിൻ തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എല്ലാവരുടേയും ജീവൻ പ്രധാനപ്പെട്ടതായതിനാൽ കയറ്റിഅയക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ നമുക്ക് വാക്ക്ക്സീൻ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. 

കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയതിനാൽ  ആൾക്കൂട്ടം കുറച്ചേ മതിയാകൂ. ആറ്റുകാൽ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂട്ടായ്മയുണ്ടായതും രോഗ വ്യാപനത്തിനിടയാക്കി. എന്നാൽ ജനിതകമാറ്റം വന്ന വൈറസ് കൂടുതലായി കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, നിലവിലെ സ്ഥിതിയിൽ മുന്നോട്ട് പോയാൽ ദിവസവും പതിനായിരം രോഗികളെന്ന നിരക്കിലേക്ക് എത്തിയേക്കുമെന്നും പറഞ്ഞു. രോഗവ്യാപനം വളരെയധികം വർധിച്ച ഈ മാസം കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരും. കേന്ദ്രം തന്നെ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കാനിടയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios