കോഴിക്കോട്: കൊവിഡ് രോഗിയെ ചികിത്സിച്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് ബാധിച്ച എടച്ചേരി സ്വദേശിയെ ചികിത്സിച്ച കൂടത്തായി സ്വദേശിയായ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. എടച്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ  42 ജീവനക്കാർ നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ പലരുടേയും പരിശോധനാഫലം ഇനി വരാനുണ്ട്. 

രാജ്യത്ത് കൊവിഡ് കേസുകൾ ഇരുപതിനായിരം കടന്നു, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കോട്ടയത്ത് രോഗം സ്ഥിരീകരിച്ച 69 വയസുകാരി ഓസ്ട്രേലിയയിൽ നിന്നും മാർച്ച് 21 ന് ദില്ലിയിൽ തിരിച്ചെത്തിയ പാല സ്വദേശിനിയാണ്. ഇവര്‍ നിലവില്‍ ഇടുക്കിയിലാണ് ചികിത്സയിലുള്ളത്. ദില്ലിയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിൽ 13 ന് ദില്ലിയിൽ നിന്ന് കാറിൽ പാലായിലേക്ക് തിരിച്ച ഇവരെ ഇടുക്കി കമ്പംമേട്‌ അതിർത്തിയിൽ വച്ച് ഏപ്രിൽ 16ന്  പൊലീസ് തടയുകയായിരുന്നു. കൂടെയുള്ള 71 വയസുകാരനായ ഭർത്താവിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇവര്‍ ഇടുക്കി നെടുങ്കണ്ടത്ത് നിരീക്ഷണത്തിലാണുള്ളത്. 

കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു, 11 പേര്‍ക്ക് കൂടി രോഗം, ചികിത്സയില്‍ 127 പേര്‍

മലപ്പുറം ജില്ലയില്‍ 4 മാസം പ്രായമായ കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു കുട്ടി. നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച 7 പേരിൽ 4 പേർ ദുബായിൽ നിന്നെത്തിയവരാണ്. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇവരില്‍ 9 വയസുകാരിയുമുണ്ട്. അതോടൊപ്പം സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ ഉണ്ടായിരുന്ന യുവതിയും ഉള്‍പ്പെടുന്നുണ്ട്. ചെങ്ങളായി സ്വദേശിയായ യുവതിക്കാണ് ട്രെയിൻ യാത്രക്കിടെ കൊവിഡ് ബാധിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.