കോഴിക്കോട്: കൊവിഡില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന്(20.04.2020) 934 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 15,306 ആയി. 7494 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇന്ന് പുതുതായി വന്ന മൂന്ന് പേര്‍ ഉള്‍പ്പെടെ 22 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഏഴ് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 10 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 720 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 692 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 668 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ച 20 കോഴിക്കോട് സ്വദേശികളില്‍ 11 പേരും നാല് ഇതര ജില്ലക്കാരില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. ഒന്‍പത് കോഴിക്കോട് സ്വദേശികളും രണ്ട് കാസര്‍കോഡ് സ്വദേശികളും ഉള്‍പ്പെടെ 11 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 28 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Read more: കേരളത്തിന് കൈത്താങ്ങായി വ്യവസായികള്‍, റിലയന്‍സ് അഞ്ച് കോടി രൂപ, മഹീന്ദ്ര 2000 കൊവിഡ് പ്രൊട്ടക്ഷന്‍ കിറ്റുകള്‍

ജില്ലയുടെ ചുമതലയുളള തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായി വകുപ്പുതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ലൈനിലൂടെ ഒന്‍പത് പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 825 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. ജില്ലയില്‍ 2491 സന്നദ്ധസേന പ്രവര്‍ത്തകര്‍ 6634 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.