കാസ‍‌ർകോട്: കാസർകോട് ജില്ലയിൽ ചികിത്സയിലായിരുന്ന അവസാനത്തെ കൊവിഡ് രോഗിയും രോഗമുക്തി നേടി. ഇയാൾ ഇന്ന് ആശുപത്രി വിടും. ബദിയടുക്ക പ്രത്യേക കൊവിഡ് ആശുപത്രിയിൽ നിന്നാണ് അവസാന രോഗിയും ചികിത്സ പൂർത്തിയാക്കി മടങ്ങുന്നത്. 178 പേർക്കാണ് ജില്ലയിൽ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 177 പേരും നേരത്തെ ആശുപത്രി വിട്ടിരുന്നു.

ഫെബ്രുവരി 3നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം മാർച്ചിൽ കേരളത്തിൽ കൊവിഡ് രണ്ടാം ഘട്ട വ്യാപന സമയത്ത് കാസർകോട് രണ്ടാമതും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 16നായിരുന്നു രണ്ടാം ഘട്ടത്തിൽ കാസർകോട് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. വളരെ പെട്ടന്ന് ജില്ല കൊവിഡ് ഹോട്ട് സ്പോട്ടായി മാറി. ഒരു ദിവസം 34 പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വരെയുണ്ടായി.

കാസർകോട് അതികർശന നിയന്ത്രണങ്ങളാണ് ഇതിന് പിന്നാലെ ഏർപ്പെടുത്തിയത്. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയ ജില്ലയിൽ കളക്ടർക്ക് മുകളിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകി നിയമിച്ചു. കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടം കൊവിഡ് പ്രത്യേക ആശുപത്രിയാക്കി മാറ്റി. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക മെഡിക്കൽ സംഘം കാസ‌‌‍‍ർകോട്ടേക്ക് പോകുകയും ചെയ്തു. എങ്കിൽ പോലും ജില്ലയിൽ ഒരാൾ പോലും കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയില്ലെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്താദ്യമായി ഒരു മാധ്യമപ്രവ‍ർത്തകന് കൊവിഡ് സ്ഥിരീകരിച്ചതും കാസ‍‍ർകോടായിരുന്നു. ഒടുവിൽ നീണ്ട പ്രയത്നത്തിനൊടുവിൽ കാസർകോട് രോഗമുക്തമാവുകയാണ്. ഏപ്രിൽ 30നാണ് ജില്ലയിൽ അവസാനമായി പുതിയ കൊവിഡ് കേസ് റിപ്പോ‌‍ർട്ട് ചെയ്തത്.

നിലവിൽ 989 പേ‌‍ർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 93 പേ‌‍‍ർ ആശുപത്രി നിരീക്ഷണത്തിലാണ്.