തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾക്കായുള്ള ഓൺലൈൻ സംപ്രേക്ഷണം ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിക്ടേഴ്സ് ചാനൽ. രാവിലെ 8 മുതൽ വൈകീട്ട് 5 വരെയായിരിക്കും സംപ്രേക്ഷണം. പരമാവധി ഒന്നര മാസം വരെയേ ഓൺലൈൻ സംവിധാനം ഉപയോഗിക്കേണ്ടി വരൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. 

എസ്‍സിഇആർടിയിലെ അനുഭവപരിചയമുളള അധ്യാപക‍ർ എടുത്ത് നൽകുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുക. അര മണിക്കൂർ ദൈർഘ്യമുളള ക്ലാസുകൾ ആയിരിക്കും നൽകുക. അധ്യാപകർ ക്ലാസുകൾ എടുക്കുന്നതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇവ ക്രോഡീകരിച്ച് വിവിധ ടൈംടേബിളുകളാക്കി നൽകുകയാണ് അടുത്തഘട്ടം. രണ്ട് ദിവസത്തിനുളളിൽ ടൈംടേബിൾ പുറത്തിറക്കും.

പൊതുവിദ്യാലയങ്ങളിലെല്ലാം സ്മാർട്ട് ക്ലാസുകൾ സജ്ജമാക്കി പുതിയൊരു ഡിജിറ്റൽ അധ്യയനവർഷത്തിലേക്കുളള പാതയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ അധ്യയനം തന്നെ ഡിജിറ്റലാക്കി വീടുകളിലേക്ക് എത്തുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ സർക്കാരിന് മുന്നിലുളളത്. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കാൻ വിക്ടേഴ്സ് വഴിയുളള സംപ്രേക്ഷണത്തിൽ അവസരമില്ല എന്നത് പ്രധാന പോരായ്മയാണ്. എന്നാൽ ഓൺലൈൻ ക്ലാസുകളെ സാധാരണ ക്ലാസുകളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.