കൊച്ചി: സംസ്ഥാനത്ത് കൂടുതൽ പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതോടെ മാസ്ക്കുകൾക്കും സാനിറ്റൈസറുകൾക്കും കടുത്ത ക്ഷാമം. സാധാരണ മാസ്ക്കുകളുടെ വില 25 രൂപ വരെ ഉയർന്നു. വില കൂട്ടി വാങ്ങുന്നതും പൂഴ്ത്തി വയ്പ്പും കണ്ടെത്തിയാൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പത്തനംതിട്ടക്കു പുറമെ കോട്ടയം, എറണാകുളം  ജില്ലകളിൽ കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് മാസ്ക്കുകൾക്കും സാനിറ്റൈസറുകൾക്കും ക്ഷാമം രൂക്ഷമായത്.  കഴിഞ്ഞ ആഴ്ച വരെ പരമാവധി അഞ്ചു രൂപക്ക് ലഭിച്ചിരുന്ന മാസ്ക്കിനിപ്പോൾ 25 രൂപ നൽകണം.

Read Also: കൊവിഡ് 19: മാസ്കുകൾക്ക് വില കൂട്ടുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും; കെ കെ ശൈലജ

മൊത്ത വിതരണക്കാർ വില കൂട്ടിയതാണ് വില ഉയരാൻ കാരണമെന്നാണ് മെഡിക്കൽ സ്റ്റോ‌ർ ഉടമകൾ പറയുന്നത്. എന്നാൽ ഉൽപാദകരാണ് വില കൂട്ടിയതെന്നാണ് മൊത്ത വിതരണക്കാരുടെ വാദം.  ഡിസംബറിൽ 100 മാസ്ക്കുകൾ 370 രൂപക്കാണ് മൊത്ത വിതരണക്കാർക്ക് കിട്ടിയിരുന്നത്. എന്നാലിപ്പോൾ വില 2000 ത്തിലെത്തി.

പരാതി വ്യാപകമായതോടെ  ഡ്രഗ്സ് കൺട്രോൾ വിഭാഗം കൊച്ചിയിൽ മൊത്ത വിതരണക്കാരുടെ ഗോഡൗണുകളിൽ പരിശോധന നടത്തി. ഗോഡൗണുകളിൽ പോലും മാസ്ക്കുകൾ സ്റ്റോക്കില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സർക്കാർ തലത്തിൽ ഇടപെടലുണ്ടായില്ലെങ്കിൽ മാസ്ക്കുകൾ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടാകുമെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗവും പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

 

Read Also: കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക