തിരുവനന്തപുരം: ഐസൊലേഷനിൽ കഴിയാൻ തയാറായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതെന്ന് കൊവിഡ് ബാധ സംശയിച്ച് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്ന ആളുടെ വെളിപ്പെടുത്തൽ . വിമാനത്താവളത്തിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വയം സന്നദ്ധനായാണ് വിവരം അറിയിച്ചതെന്നും ഐസൊലേഷനിൽ കഴിയുന്ന ആൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചുമയുള്ള കാര്യം പ്രത്യേകം പറഞ്ഞിരുന്നു. കൊവിഡ് 19 ന്‍റെ മറ്റ് ലക്ഷണങ്ങൾ കാണാത്തതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ ആയിരുന്നു രണ്ടിടത്തും നിന്നും നിർദേശമെന്നാണ് ഇദ്ദേഹം പറയുന്നത്. 

പരിശോധനയ്ക്ക് ശേഷം വീട്ടിൽ പോയത് ഓട്ടോറിക്ഷയിലാണ്. ആംബുലൻസിൽ തന്നെ പോകണമെന്ന നിർദേശം ആരോഗ്യ പ്രവര്‍ത്തകരിൽ നിന്നോ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരിൽ നിന്നോ ലഭിച്ചില്ല. പോകുന്ന വഴിയിൽ കടയിലും കയറി. അതേസമയം കൂടുതൽ ആളുകളോട് സമ്പര്‍ക്കം പുലർത്തിയിട്ടില്ലെന്നും ഐസൊലേഷനിൽ കഴിയുന്ന ആൾ പറയുന്നു. 

ഇറ്റലിയില്‍ നിന്നെത്തിയ വെള്ളനാട് സ്വദേശിക്കാണ് തിരുവനന്തപുരത്ത് കൊവിഡ് 19 രോഗബാധ സംശയിക്കുന്നത്. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. അന്തിമ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍.  ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് രണ്ട് ദിവസം മുൻപ് യുവാവ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.

എന്നാൽ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാൽ തിരിച്ചയയ്ക്കുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. കുളിക്കുമ്പോൾ പനിലക്ഷണം തോന്നിയതോടെ ഇയാൾ ദിശ നമ്പറിൽ വിളിച്ചറിയിച്ചു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിൾ ആലപ്പുഴ ലാബിൽ അയച്ചിരിക്കുകയാണ്. 

 ഇയാളുമായി സമ്പര്‍ക്കം പുലർത്തിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന എല്ലാവരെയും മെഡിക്കൽ കോളേജിൽ തന്നെ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ആശുപത്രിയിൽ അഞ്ചുപേരും വീട്ടിൽ 160 പേരുമാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉളളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക