തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കോവിഡ് വൈറസ്  ബാധിതനായ വ്യക്തി നിയമസഭയിലെ ഓഫീസിൽ കാണാൻ വന്നിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനിങ്ങിയിനാൽ കൂടിക്കാഴ്ച നടന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കോൺഗ്രസ് പാ‍ർട്ടി പ്രവർത്തകനായ കൊവിഡ് ബാധിതൻ പാലക്കാട്, ഷോളയൂർ, പെരുമ്പാവൂർ, ആലുവ, മൂന്നാർ, മറയൂർ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലും നിയമസഭ മന്ദിരത്തിലും പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ. പല പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ഇവരെല്ലാം നിരീക്ഷണത്തിൽ കഴിയാൻ നിര്‍ബന്ധിതരായ അവസ്ഥയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഔട്ട് കാലത്ത് ജനജീവിതം സുഗമമാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. വിലക്കയറ്റം പിടിച്ച് നിര്‍ത്താനും അവശ്യ വസ്തുക്ഷാമം പരിഹരിക്കാനും വേണ്ടത് അടിയന്തര നടപടിയാണ്. 

പ്രളയകാലത്ത് സന്നദ്ധ സേന രൂപീകരിച്ചിരുന്നു. അതിപ്പോൾ നിലവിലുണ്ടോ? ഉണ്ടെങ്കിൽ പുതിയ സന്നദ്ധ സേന പ്രഖ്യാപനം എന്തിന്? ആശയക്കുഴപ്പം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.