Asianet News MalayalamAsianet News Malayalam

കൊവിഡ് 19: റമദാന്‍ മാസത്തിലെ നിയന്ത്രണങ്ങള്‍ക്ക് ധാരണയായി; മതനേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

രോഗ വ്യാപന സാഹചര്യം മുന്നിൽ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരണം. അതിന് വേണ്ടി മത നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തി ധാരണയിലെത്തി. 

Covid 19 restrictions continue in Ramadan month in kerala
Author
Thiruvananthapuram, First Published Apr 21, 2020, 6:45 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായി. "റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികൾ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നിൽ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്. മത നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തി ഇക്കാര്യത്തില്‍ ധാരണയിലെത്തി എന്ന്" മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  

മതനേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

നിലവിലെ പ്രതികൂല സാഹചര്യത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് ശരിയായ നിലപാടെടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. "കഴിവുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകൾക്കുള്ളത് എന്നത് സന്തോഷകരം. സമൂഹഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരലുകളും കൂട്ടപ്രാർത്ഥനകളും മാറ്റിവച്ച മതനേതാക്കളെ അഭിനന്ദിക്കുന്നു" എന്നായിരുന്നു പിണറായി വിജയന്‍റെ വാക്കുകള്‍.

പ്രൊഫ. ആലിക്കുട്ടി മുസ്ലീയാര്‍, കാന്തപുരം എ പി അബൂബക്ക‍ര്‍ മുസ്ലീയാര്‍, ടി പി അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എം ഐ അബ്ദുള്‍ അസീസ്, ഡോ. ഇ കെ അഹമ്മദ് കുട്ടി, ഇ കെ അഷ്റഫ്, കമറുള്ള ഹാജി, അഡ്വ എം താജുദ്ദീന്‍, ആരിഫ് ഹാജി എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ന്യൂനപക്ഷ ക്ഷേമമന്ത്രി കെ ടി ജലീലും യോഗത്തിലുണ്ടായിരുന്നു.  

"റമദാൻ കാലത്ത് പള്ളികളിലെ നമസ്കാരത്തിനും ജുമായ്ക്കും പ്രാധാന്യമുണ്ട്. വിശ്വാസികൾ വലിയ തോതിൽ പള്ളികളിലെത്തിയേക്കാം. ഇഫ്താർ, ജുമാ, നമസ്കാരം എന്നിവ വേണ്ടെന്നുവയ്ക്കും. അതാണ് ഇന്നത്തെ സാഹചര്യത്തിൽ നല്ലതെന്ന് മതപണ്ഡിതൻമാർ അഭിപ്രായപ്പെട്ടു. വ്രതകാലത്തെ ദാനധർമാദികൾക്ക് വലിയ പ്രാധാന്യമാണുള്ളത്. പാവപ്പെട്ടവരെ സഹായിക്കാൻ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നത് പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരുടെ വീടുകളിൽ എത്തിക്കുന്നത് വലിയ പുണ്യമാകും" 

"കൂടിച്ചേരലുകളും കൂട്ട പ്രാര്‍ത്ഥനകളും ഒഴിവാക്കാൻ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. എല്ലാ മതങ്ങളുടേയും ലക്ഷ്യം മനുഷ്യനൻമയാണ്. രോഗവ്യാപനം തടയുകയാണ് പരമപ്രധാനം" എന്നും മുഖ്യമന്ത്രി വാ‍ര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് 19 പേര്‍ക്ക് കൊവി‍ഡ്; കൂടുതല്‍ കണ്ണൂരില്‍

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍- 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറത്തും കൊല്ലത്തും ഓരോരുത്ത‍ര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 16 പേരുടെ കൂടി രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 117 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകളുള്ളത് കണ്ണൂരിലാണ്. കണ്ണൂരടക്കം നാല് ജില്ലകള്‍ റെഡ് സോണിലാണ്. 

Follow Us:
Download App:
  • android
  • ios