തിരുവനന്തപുരം: സംസ്ഥാനത്ത് സെന്റിനൽ സർവൈലൻസ് പരിശോധനയിൽ നാലുമാസത്തിനുള്ളിൽ 2250 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുൻഗണനാ വിഭാഗങ്ങളിലെ രോഗബാധ ഉയരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക് സൂചിപ്പിക്കുന്നത്. ഇതാദ്യമായാണ് സെന്റിനൽ സർവൈലൻസ് പരിശോധന ഫലം പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നത്.

ഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ, ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, തൊഴിലാളികൾ, പുറത്ത് നിന്നെത്തിയ രോഗലക്ഷണമില്ലാത്തവർ എന്നിങ്ങനെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് സംസ്ഥാനത്ത് സെന്റിനൈൽ സർവൈലൻസ് പരിശോധനകൾ. ഒരു ലക്ഷത്തി പതിനയ്യായിരത്തിനടുത്ത് പരിശോധനകളാണ് സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ നടത്തിയത്. ഇതിൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരെ ഒഴിവാക്കിയാൽ, ഏപ്രിൽ മാസത്തിൽ സെന്റിനൽ സർവൈലൻസ് വിഭാഗത്തിൽ പോസിറ്റിവിറ്റി റേറ്റ് 0.10 ശതമാനം. ജൂണിൽ ഇത് 0.22 ശതമാനമായി. ജുലൈയിൽ 0.59 ശതമാനത്തിലേക്ക് ഉയർന്നു. 

ട്രക്ക് ഡ്രൈവർമാരും ആരോഗ്യപ്രവർത്തകരും, ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുമാണ് രോഗം ബാധിച്ചവരിൽ കൂടുതലും. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരിൽ, രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി പരിശോധിച്ചത്. ജൂണിൽ 672 പേർക്കാണ് ഈ വിഭാഗത്തിൽ രോഗം സ്ഥിരീകരിച്ചത്. ജൂലൈയിൽ 1313 പേർക്ക് രോഗം കണ്ടെത്തി. 

3 ശതമാനത്തിനടുത്താണ് ഇവരിൽ പോസിറ്റിവിറ്റി ശതമാനം. സാമൂഹ്യഇടപെടലുകൾ കൂടുതൽ നടത്തുന്ന വിഭാഗങ്ങളിലെ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ ഇത്തരം പരിശോധന വഴി ക്ലസ്റ്ററുകൾ കണ്ടെത്താനും രോഗവ്യാപനം തടയാനും കഴിയുന്നത് നേട്ടമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

പൊന്നാനി, കൊല്ലം, ചാത്തനൂർ ക്ലസ്റ്റർ, ആലുവ, ബ്രോഡ്വേ, കുട്ടമ്പുഴ, ധർമ്മടം തുടങ്ങി പല മാർക്കറ്റ് ക്ലസ്റ്ററുകളും, ആശുപത്രി ക്ലസ്റ്ററുകളും കണ്ടെത്തിയത് സെന്റിനൽ സർവൈലൻസിലൂടെയാണ്.