കൊച്ചി: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി തുറമുഖത്ത് ഇന്നലെയെത്തിയ  നാല് കപ്പലുകളിലെയും ജീവനക്കാരയും യാത്രക്കാരേയും പരിശോധിച്ചു. ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. 198 ജീവനക്കാരെയും 514 യാത്രക്കാരെയുമാണ് പരിശോധിച്ചത്. അതേ സമയം എറണാകുളം ജില്ലയിൽ നിന്നയച്ച 26 സാമ്പിളുകളുടെ റിസൾട്ട്‌ നെഗറ്റീവാണെന്നതും ആശ്വാസകരമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുമെന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയില്‍ രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടൻ പൗരന്മാരെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാൽ രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂർണമായും തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 
എറണാകുളം ജില്ലയില്‍ 9 പേർക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേർ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു.