നൂറ്റമ്പതു പേര്‍ ദിനംപ്രതി ആശുപത്രികളില്‍ എത്തുന്നുവെന്നും ഇവരുടെ സാമ്പിളുകള്‍ അപ്പോള്‍ തന്നെ എടുക്കാനും പരിശോധനയ്ക്ക് വിധേയമാക്കാനും സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. 

തിരുവനന്തപുരം: നൂറ്റമ്പതു പേര്‍ ദിനംപ്രതി ആശുപത്രികളില്‍ എത്തുന്നുവെന്നും ഇവരുടെ സാമ്പിളുകള്‍ അപ്പോള്‍ തന്നെ എടുക്കാനും പരിശോധനയ്ക്ക് വിധേയമാക്കാനും സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. ടെസ്റ്റിങ്ങുകള്‍ മികവുറ്റ രീതിയിലേക്ക് മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസംകൊണ്ട് കൊവിഡ് ആശുപത്രിയായി പൂര്‍ണമായും മാറ്റാന്‍ കഴിയും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു രോഗികള്‍ക്കുള്ള ചികിത്സ മുടങ്ങുന്നത് ഒഴിവാക്കണം. ആര്‍സിസിയില്‍ ഇത്തരം അനുഭവമുണ്ടായതായി വിവരമുണ്ട്. എന്നാല്‍ ചികിത്സ കിട്ടാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു, ഇവരില്‍ കാസര്‍കോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം,തൃശ്ശൂര്‍, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതവും പാലക്കാട് ഒരാളുമാണുള്ളത്. ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 

622 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 7256 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ രോഗബാധയുണ്ടായവരില്‍ 191 പേര്‍ വിദേശത്ത് നിന്നെത്തി. ഏഴ് പേര്‍ വിദേശികള്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേര്‍. നെഗറ്റീവായത് 26. ഇവരില്‍ നാല് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.