തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിവി രാജേഷും ഐസൊലേഷനിൽ. കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. രോഗ ലക്ഷണങ്ങളില്ല. പക്ഷെ കഴിഞ്ഞ പതിനാലിന് ശ്രീചിത്ര ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം വിവി രാജേഷും ഉണ്ടായിരുന്നു. മുൻകരുതലിന്‍റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ച കേന്ദ്രമന്ത്രിയുടെ നടപടിക്ക് പിന്നാലെയാണ് ബിജെപി ജില്ലാ പ്രസിഡന്‍റും സ്വയം ഐസൊലേഷൻ തെരഞ്ഞെടുത്തത്. 

പാര്‍ലമെന്റ് സമ്മേളനം അടക്കം ഉപേക്ഷിച്ചാണ് വി മുരളീധരൻ നിരീക്ഷണത്തിൽ കഴിയുന്നത്.പൊതുപരിപാടികളിൽ പങ്കെടുക്കാനില്ലെന്നാണ് വിവി രാജേഷും വ്യക്തമാക്കുന്നത്.  പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തിൽ കഴിയാനാണ് തീരുമാനം. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനും ഒപ്പം വിവി രാജേഷും പങ്കെടുത്തത്.

തുടര്‍ന്ന് വായിക്കാം: കൊവിഡ് ഐസൊലേഷൻ സ്വയം തെരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ...