തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  1216 പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 92 പേരുടെ രോ​ഗ ഉറവിടം അറിയില്ല. സമ്പർക്കത്തിലൂടെ രോ​ഗം പകർന്നവരിൽ 30 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. തിരുവനന്തപുരത്ത് 485 പേർക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. ഇതിൽ 435 പേരും സമ്പർക്കരോ​ഗികളാണ്. 

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 33 പേരുടെ രോ​ഗ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ രോഗം ബാധിച്ചിട്ടുണ്ട്. രോഗം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 173 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 143 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. തൃശൂർ ജില്ലയിൽ ഇന്ന് 64 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 54 പേരും സമ്പർക്കരോ​ഗികളാണ്.  ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ഇതോടെ തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ജില്ലയിൽ  കൊവിഡ് പോസിറ്റീവായവരുടെ ആകെ എണ്ണം 2005 കടന്നു. ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നിട്ടുണ്ട്. ചാലക്കുടി ക്ലസ്റ്റർ ആറ്, ശക്തൻ ക്ലസ്റ്റർ ആറ്, കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, കാട്ടിക്കരകുന്ന് ക്ലസ്റ്റർ ഒന്ന്, രാമപുരം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. 

ഇടുക്കിയിൽ ഇന്ന് 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 എണ്ണവും സമ്പർക്കകോസുകളാണ്. ശാന്തൻപാറ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കും രോ​ഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത കേസുകളുടെ എണ്ണം രണ്ട് ആണ്. രാജക്കാടും, ചെറുതോണിയിലും ഇന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴ ജില്ലയിൽ 168 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ134 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകരും ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു. 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 406 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 1514 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1105 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 176 പേരും വിദേശത്തുനിന്നുവന്ന 49 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 35 പേരും ഉള്‍പ്പെടെ 260 പേര്‍ക്കു കൂടി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഇപ്പോള്‍ ആകെ 9590 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

വയനാട് ജില്ലയില്‍ 10 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേർ ഇന്ന് രോഗമുക്തി നേടി.
നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. പാലക്കാട് 39 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 5 രോഗബാധിതരും ഉണ്ട്.  46 പേർക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്..  പുതുനഗരം, കല്ലടിക്കോട് എന്നീ പ്രദേശങ്ങളിൽ സമ്പർക്ക ബാധ കൂടുതലെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിലെ രോഗബാധകണ്ടെത്താൻ അടുത്ത ദിവസം തന്നെ ദ്രുതപരിശോധന തുടങ്ങും. ജില്ലയിൽ പുതിയ ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യതയുളളതായി വിലയിരുത്തലുകളുളളതും ഈ മേഖലകളിലാണ്.  നിലവിൽ 603 പേരാണ് പാലക്കാട്ട് രോഗബാധിതരായി ചികിത്സയിലുളളത്.

കൊല്ലം ജില്ലയിൽ ഇന്ന് 41 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സമ്പർക്കം മൂലമാണ് 30 പേർക്കും  രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 38 പേർ  രോഗമുക്തി നേടി. എറണാകുളത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ച 101ൽ 94 പേരും സമ്പർക്കരോ​ഗികളാണ്. രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഫോർട്ട്കൊച്ചിയിലെ ആരോഗ്യപ്രവർത്തകയാണ്.

Read Also: കൊവിഡ് രോഗമുക്തിയും രോഗബാധയും ഏറ്റവും ഉയര്‍ന്ന ദിനം, 1420 പേര്‍ക്ക് കൂടി രോഗം, 1715 രോഗമുക്തി...