പയ്യന്നൂരിലെ മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം. ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.

തിരുവനന്തപുരം: പയ്യന്നൂരിലെ മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം. ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണന്‍റേത് ഗുരുതരമായ വെളിപ്പെടുത്തലാണെന്നും സിപിഎമ്മിന് കോടതിയുള്ളതു കൊണ്ട് ഇതൊന്നും പൊലീസ് സ്റ്റേഷനിലേക്ക് പോകില്ലെന്നും വിഡി സതീശൻ പറഞ്ഞു. ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ക്രമക്കേടിൽ നടപടിയെടുക്കാൻ സിപിഎമ്മിനെ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ വെല്ലുവിളിച്ചു. രക്തസാക്ഷികളുടെ പേരിൽ പിരിച്ചു നേതാക്കൾ കക്കുകയാണെന്നും ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ നടപടിയെടുക്കാൻ സിപിഎം ആര്‍ജവം കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായ കാര്യമാണെന്നും ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആണ് നടന്നതെന്നും പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച ഫണ്ട് ആണ് ദുരുപയോഗം ചെയ്തതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ജില്ലാ കമ്മിറ്റി തന്നെ ഈ വിഷയം ഉന്നയിച്ചതാണ്. ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ വി. കുഞ്ഞിക്കൃഷ്ണൻ വെളിപ്പെടുത്തി.

YouTube video player