കൊല്ലം: കൊല്ലം ജില്ലയിൽ വീണ്ടും ആശങ്ക ഉയര്‍ത്തി കൊവിഡ് ബാധയേറുന്നു. നിലമേലിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച 12 പേർ കൊല്ലം ജില്ലക്കാരും ഒരാള്‍ തിരുവനന്തപുരം ജില്ലക്കാരനുമാണ്. ആൺകുട്ടികളുടെ ജില്ലാ ചിൽഡ്രൻസ് ഹോമിൽ ആറ് കുട്ടികൾക്ക് രോഗബാധയുണ്ട്. ഇവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ ഒരു തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ചു. 

ജില്ലയില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വീണ്ടും ആശങ്ക സൃഷ്ടിച്ച് ഒരു ക്ലസ്റ്റര്‍ തന്നെ രൂപപ്പെടുന്നത്. നിലമേലിൽ ഒരു ക്ലസ്റ്റര്‍ തന്നെ രൂപപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ ആന്‍റിജന്‍ പരിശോധ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്കാര ചടങ്ങില്‍ പങ്കെടുത്തവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വരും ദിവസങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ ഉണ്ടായാല്‍  ശക്തികുളങ്ങര ഹാർബറിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അധികൃതര്‍  അറിയിച്ചു. അതിനിടെ, പഞ്ചായത്ത്‌ അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് അടച്ചു.