തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കാസ‍ർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77,  കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസ‍ർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55  എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 51 പേർ വിദേശത്ത് നിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 28664 പരിശോധനകൾ നടത്തി. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 ,‌ എറണാകുളം 121,  ആലപ്പുഴ 118,  കോഴിക്കോട് 93,  പാലക്കാട് 81,  കോട്ടയം 76, കാസ‍ർകോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂ‍ർ 19, വയനാട് 12, കൊല്ലം 5.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

തിരുവനന്തപുരത്ത് തീരദേശമേഖലകളിൽ രോ​ഗം കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യഭക്ഷ്യവസ്തുകൾ വിൽക്കുന്ന എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ മൂന്ന് വരെ പ്രവർത്തിക്കാം. ആലുവയിൽ രോ​ഗവ്യാപനം കുറഞ്ഞു വരുന്നു എന്നാൽ പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുന്നു. ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്നു. ഉരുൾപൊട്ടൽ ഉണ്ടായ മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് രാക്ഷാപ്രവർത്തനം നടത്തിയവരോട് ക്വാറന്‍റീനില്‍ പോകാൻ നിര്‍ദ്ദേശിച്ചു. 

കൊവിഡ് പ്രതിരോധത്തിനുള്ള നൂതന മാർ​ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. ജനമൈത്രി പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഓൺലൈൻ പരിശീലനം നൽകും. കുടുംബാം​ഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വനിതകളുടെ സഹായം കൂടി ലഭ്യമാക്കുന്നു. മത്സ്യവിപണനകേന്ദ്രങ്ങൾ, മൊത്തവിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും മറ്റിടങ്ങളിലേക്ക് വിൽപ്പനയ്ക്ക് പോകുന്ന സ്ത്രീകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഫലം നെ​ഗറ്റീവായവർ മാത്രമേ വിൽപ്പനയ്ക്ക് പോകാവു. കൊവി‍ഡ് പ്രതിരോധത്തിനായി അതിനൂതന വിദ്യകൾ പരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാ​ഗമായുള്ള കോണ്ടാക്ട് ട്രേസിം​ഗിനായാണ് കൊവിഡ് രോ​ഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കുന്നത്. ഈ വിവരങ്ങൾ എവിടെയും കൊടുക്കില്ല എവിടെയും പങ്കുവയ്ക്കില്ല. ഇക്കാര്യത്തിൽ അനാവശ്യആശങ്ക വേണ്ട.

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി ​ഹൈറിസ്ക് കോണ്ടാക്ടിൽ വന്ന 26 പേരിൽ 12 പേരുടെ ഫലം നെ​ഗറ്റീവാണ്. ഇതിൻ്റെ ഉറവിടം വ്യക്തമല്ല. സമ്പർക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും ക്വാറന്‍റീനില്‍ പോകേണ്ട അവസ്ഥയാണ് വന്നത്. നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതാണ്. അതിനാൽ തന്നെ വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ ജാ​ഗ്രത പാലിക്കണം. പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധിപ്പേര്‍ സംസ്ഥാനം കടന്നു വരുന്നുണ്ട്. അതിനാൽ ജാ​ഗ്രത പാലിക്കണം. പെട്ടിമുടിയിലെ രക്ഷാപ്രവർത്തകർക്ക് നടത്തിയ സെന്‍റിനല്‍സ് സർവ്വേയിൽ ആലപ്പുഴയിൽ നിന്നുള്ള ഒരു ഫയ‍‍ർ ഫോഴ്സ് ഉദ്യോ​ഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കിയിത്. എൻഡിആർഎഫിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രാജമല എസ്റ്റേറ്റിൽ പ്രത്യേക കൊവിഡ് പരിശോധനാകേന്ദ്രം നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്. 

കൊവിഡ് കണക്കിൽ ഞാൻ ഇന്നലെ എന്തോ തെറ്റ് പറഞ്ഞെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചു. തുടക്കത്തിൽ മൂന്ന് ടെസ്റ്റ് നെ​ഗറ്റീവായാൽ മാത്രമേ നേരത്തെ ആളുകളെ വീട്ടിലേക്ക് വിട്ടിരുന്നുള്ളു. ഇപ്പോൾ ഒരു ടെസ്റ്റ് നടത്തിയാൽ തന്നെ രോ​ഗമുക്തി ഉറപ്പാക്കി വീട്ടിൽ വിടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. കൊവിഡ് മുക്തി ഉറപ്പാക്കാനുള്ള മാനദണ്ഡം മാറ്റിയ കാര്യം നേരത്തെ ഈ വാർത്താസമ്മേളനത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നു. അതാണ് അദ്ദേഹം ഇപ്പോൾ പുതിയ കാര്യമായി അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് പലവട്ടം പരിശോധന നടത്തിയാണ് രോ​ഗികളെ ഡിസ്ചാർജ് ചെയ്തിരുന്നത്. ഇം​ഗ്ലണ്ടിൽ നിന്നും വന്ന ആറന്മുള സ്വദേശിക്ക് 22 തവണയാണ് കൊവിഡ് ടെസ്റ്റ് ചെയ്തത്. 41 ദിവസം അദ്ദേഹത്തിന് കൊവിഡ‍് ചികിത്സ നൽകി.

പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ കൊവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസം കഴിഞ്ഞാണ്. കേരളത്തിൻ്റെ റിക്കവറി റേറ്റ് മറ്റു സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞതും അതിനാലാണ്. പരിശോധനഫലം നെ​ഗറ്റീവാകാതെ കേരളത്തിൽ ഒരു രോ​ഗിയേയും ഡിസ്ചാ‍ർജ് ചെയ്യുന്നില്ല. അദ്ദേഹം അത് കേട്ടിട്ടില്ല എന്ന് കരുതുന്നില്ല. എന്നാൽ കേൾക്കാത്ത മട്ടിൽ ഞാൻ നുണ പറഞ്ഞെന്നും അദ്ദേഹം പുതുതായി എന്തോ കണ്ടെത്തിയതും കാണിക്കാനാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കിൽ ഫലിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സാങ്കേതികവിദ്യ പു​രോ​ഗമിച്ചതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ആർക്കും എപ്പോഴും പരിശോധിക്കാവുന്നതാണ്.

കേരളം കൊവിഡ് ടെസ്റ്റിൽ പിന്നിലാണെന്ന് അദ്ദേഹം ഇപ്പോഴും ആരോപിക്കുകയാണ്. ലോകാരോ​ഗ്യ സം​ഘടനയ്ക്കോ  മറ്റ് ആരോ​ഗ്യവിദ​ഗ്ദ്ധ‍ർക്കോ എന്നാൽ ഈ കാര്യത്തിൽ യാതൊരു ആക്ഷേപവും ഇല്ല. ഒരു ഘട്ടത്തിൽ ലോകത്തിൽ തന്നെ മികച്ച നിലയിലായിരുന്നു കേരളം. ഇപ്പോൾ കേസുകളുടെ എണ്ണം കൂടി എന്നിട്ടും ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുൻനിരയിൽ തന്നെ കേരളം ഉണ്ട്. പ്രതിപക്ഷനേതാവ് മറ്റെന്തോ രീതിയിലാണ് വിവരം ശേഖരിക്കുന്നത് എന്നാണ് തോന്നുന്നത്. ഇവിടെ നാം മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വലിയ തുക വാങ്ങിയാണ് കൊവി‍ഡ് ചികിത്സ നൽകുന്നത്. ഇവിടെ നാം സൗജന്യ ചികിത്സയാണ് നൽകുന്നത്. ഹൗസ് സർജൻസി കഴിഞ്ഞ ഡോക്ട‍ർമാരെ കൊവിഡ‍് പ്രതിരോധത്തിനായി നിയമിച്ചിരുന്നു. ഇവർക്ക് 42000 രൂപ വച്ച് പ്രതിമാസ വേതനം നൽകാൻ 13. 33 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  

മാസ്ക് ധരിക്കാത്ത 8355 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീന്‍ ലംഘിച്ച 15 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ ഇപ്പോൾ നിലവിലില്ല. ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കൂടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇതോടെ മരണസംഖ്യ 55 ആയി. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാ​ഗമായി പെട്ടിമുടിയിൽ തിരച്ചിൽ നടത്തുന്നവർക്ക് സാനിറ്റൈസർ, കയ്യുറ എന്നിവ വിതരണം ചെയ്തു വരുന്നു. തിരച്ചിൽ നടക്കുന്ന മുഴുവൻ ഭാ​ഗത്തും അ​ഗ്നിശമനസേനയുടെ സഹായത്തോടെ അണുനശീകരണം നടത്തുന്നുണ്ട്. 

ഇടുക്കിയിൽ ഇന്ന് 21 ദുരിതാശ്വാസ ക്യാംപുകളുണ്ട്. 434 പേർ ക്യാംപുകളിലുണ്ട്. 34 വീടുകൾ മഴയിൽ തകർന്നു. സംസ്ഥാനത്ത് പൊതുവിൽ മഴയുടെ ശക്തി കുറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ആകെ 648 ക്യാംപുകളിലായി 25350 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ 324 നോൺ റസിഡൻഷ്യൽ ക്യാംപുകളിലായി 97006 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാറിൽ ഇന്നലെ സുപ്രീംകോടതി നിയോ​ഗിച്ച ഉപസമിതി എത്തി പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായ സാഹചര്യത്തിലാണ് പരിശോധന. 

കരിപ്പൂർ അപകടവുമായി ബന്ധപ്പെട്ട് 83 പേ‍ർ ചികിത്സയിലുണ്ട്. 22 പേ‍ർ ​ഗുരുതരാവസ്ഥയിലാണ്. കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിനിടെ യാത്രക്കാരുടെ ലഗേജ് മോഷ്ടിക്കാൻ ശ്രമിച്ചെന്ന പേരിൽ ഒരാളുടെ ചിത്രം പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയ ശത്രുത തീർക്കുന്ന പ്രചാരണമാണ് നടക്കുന്നത്. ഇതു വ്യാജസന്ദേശം ആണെന്ന് കരിപ്പൂർ പൊലീസ് അറിയിച്ചു. കെഎസ്ഇബി ലോ​ഗോ ഉപയോ​ഗിച്ച് സംസ്ഥാനത്തിൻ്റെ രക്ഷാപ്രവർത്തനത്തെ അപമാനിച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചിത്രവും വ്യാജമാണ്. വ്യാജവാർത്തകളുടെ നിജസ്ഥിതി അറിയാൻ ജില്ലാ പിആർഡികളുമായി ജനങ്ങൾക്ക് ബന്ധപ്പെടാം. 

എറണാകുളത്ത് നടക്കുന്ന സിറ്റി ​ഗ്യാസ് പദ്ധതിയുടെ പുരോ​ഗതി വിലയിരുത്തി. പദ്ധതിയു‌ടെ നടത്തിപ്പിനും പൂർത്തീകരണത്തിനും അദാനി ​ഗ്രൂപ്പ് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. നിലവിലെ ടീമിന് പകരം പുതിയ ടീമിനെ ഏർപ്പെടുത്തി പ്രവർത്തനം ഊർജ്ജിതമാക്കാൻ ശ്രമിക്കണമെന്നും അവരോട് ആവശ്യപ്പെട്ടു. ഒരു വീട്ടിലെ ഇന്ധന ഉപഭോ​ഗത്തിനുള്ള ചിലവിൽ 30 ശതമാനത്തിൻ്റെ കുറവാണ് പദ്ധതിയിലൂടെ ലഭിക്കുക. പദ്ധതി പെട്ടെന്ന് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തോട് വേണ്ട നടപടി സ്വീകരിക്കാൻ നിർദേശിച്ചു. പദ്ധതിക്ക് വേണ്ടി ചിലപ്പോൾ റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നേക്കാം. അത്തരം റോഡ‍ുകൾ പൂർവ്വസ്ഥിതിയിലാക്കുന്ന കാര്യം രേഖാമൂലം ഉറപ്പാക്കും. അപ്പോൾ സമയബന്ധിതമായി തന്നെ ഇക്കാര്യം പൂർത്തീകരിക്കണം. 14450 കണക്ഷനുകൾ നൽകാൻ വേണ്ട സജ്ജീകരണം പൂർത്തിയായെന്നാണ് യോ​ഗത്തിൽ അറിയിച്ചത്. റോ‍ഡിലൂടെയുള്ള പൈപ്പിടൽ പൂർത്തിയായാൽ പദ്ധതി വഴി ​ഗ്യാസ് വിതരണം നടത്താം. പദ്ധതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിമാസം വിലയിരുത്തും. 

കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ക്ഷേമത്തിനായി ചില പദ്ധതികർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ കറന്ന പാലിൻ്റെ അടിസ്ഥാനത്തിൽ ഒരു കർഷകന് അഞ്ച് ചാക്ക് കാലിത്തീറ്റ എന്ന രീതിയിൽ വിതരണം ചെയ്യും. 13896 ക‍ർഷകർക്ക് ഇതുവരെ 88. 20 ലക്ഷം രൂപ ബാങ്കുകൾ മുഖേന അനുവദിച്ചിട്ടുണ്ട്. ഇന്ന് മന്ത്രിസഭായോ​ഗം ചേർന്നിരുന്നു. പതിനാലാം നിയമസഭയുടെ സമ്മേളനം ഓഗസ്റ്റ് 24-ന് വിളിച്ചു ചേർക്കാൻ ​ഗവർണറോട് ശുപാർശ ചെയ്തു. കിൻഫ്രയുടെ കൊച്ചി-ബെം​ഗളൂർ സാമ്പത്തിക ഇടനാഴി പദ്ധതിക്കായി പാലക്കാട് ഭൂമിയേറ്റെടുക്കാൻ സെപ്ഷ്യൽ യൂണിറ്റ് രൂപീകരിക്കും. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2019-20 വ‍ർഷത്തെ ബോണസ് നൽകാനുള്ള മാർ​ഗരേഖ അം​ഗീകരിച്ചു. നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും അഭ്യന്തരസർവ്വീസ് നടത്തുന്ന വിമാനങ്ങൾക്കുള്ള ഇന്ധന നികുതി അഞ്ച് ശതമാനത്തിൽ നിന്നും ഒരു ശതമാനമാക്കി പത്ത് വർഷത്തേക്ക് കുറച്ചു.

ചിലർക്ക് ചില വിവാദങ്ങൾ വേണം എന്നാണ് ആ​ഗ്രഹം. ഇതുവരെയുള്ള വിവാദത്തിൽ ഇതിനോടകം ഞാൻ എന്‍റെ നിലപാട് കഴിഞ്ഞ ദിവസങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. മൊയരാത്ത് ശങ്കരൻ മുതലുള്ള സംഭവങ്ങൾ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീർ​ഘമാണ് എന്നതിനാൽ അതിലേക്ക് ഞാൻ കടക്കുന്നില്ല. തൃശ്ശൂരിൽ മധു, ലാൽജി, ഹനീഫ എന്ന കോൺ​ഗ്രസുകാർ കൊല്ലപ്പെട്ട സംഭവമുണ്ടായി. പ്രതിപക്ഷ നേതാവ് ആ പേരുകൾ എപ്പോൾ എങ്കിലും പറഞ്ഞിട്ടുണ്ടോ. അതിൻ്റെ ചരിത്രത്തിലേക്ക് ഞാനിപ്പോൾ പോകുന്നില്ല. സൈബർ ആക്രമണത്തിന്‍റെ കാര്യത്തിൽ നേരത്തെ തന്നെ ‍‌ഞാൻ നിലപാട് വ്യക്തമാക്കിയതാണ്. ഒരാൾക്ക് നേരേയും വ്യക്തിപരമായ ആക്രമണം പാടില്ല. അതു സൈബർ സ്പേസിലായാലും മീഡിയാ സ്പേസിലായാലും അങ്ങനെ തന്നെയാണ്. അതു ഈ കാലത്ത് മാത്രമല്ല എല്ലാ കാലത്തും അങ്ങനെയാണ് നിലപാട്. 

ഈ അടുത്ത കാലത്ത് ന‌ടന്ന സംഭവങ്ങൾ പരിശോധിച്ചാൽ നമ്മുക്ക് പലതും ഓർമ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ. ശൈലജ ടീച്ച‍ർ തന്‍റെ ഉത്തരവാദിത്തം നന്നായി നടപ്പാക്കുന്നയാളാണ്. ശൈലജ ടീച്ചറെ ഡാൻസർ എന്നു വിളിച്ചത് ആരായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം ചെറിയ പദവിയാണോ. ടീച്ചർക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞത് ആരാണ്. പ്രതിപക്ഷ നേതാവ് അല്ലേ. സോഷ്യൽ മീഡിയയിൽ ശൈലജ ടീച്ചറെ അപമാനിക്കാനും മോർഫ് ചെയ്യാനുമായി യുഡിഎഫിൻ്റെ സൈബർടീമിൽ ​ഗ്രൂപ്പുണ്ടാക്കിയില്ലേ. അത്യന്തം മോശമായ പോസ്റ്റുകൾ ചിത്രങ്ങളായി പ്രചരിപ്പിച്ചില്ലേ. കഴിഞ്ഞ മാസമാണ് മേഴ്സിക്കുട്ടിയമ്മ കോൺ​ഗ്രസിൻ്റെ ലീ​ഗിൻ്റേയും ഭീകരമായ സൈബർ തെറി വിളികൾക്ക് ഇരയായത്. അസഭ്യവർഷം കൊണ്ടല്ലേ മേഴ്സിക്കുട്ടിയമ്മയെ നേരിട്ടത്.

ബെന്യാമിൻ എന്ന എഴുത്തുകാരനും സൈബർ ആക്രമണത്തിന് ഇരയായില്ലേ. അതിന് നേതൃത്വം നൽകിയത് കോൺ​ഗ്രസിലെ ഒരു യുവ എംഎൽഎ . കുറച്ചു നാൾ മുൻപാണ് കെആർ മീരയെ ഒരു യുവ കോൺ​ഗ്രസ് നേതാവ് ഫേസ്ബുക്കിലൂടെ അപമാനിച്ചത്. തൻ്റെ സൈബർ ടീമിനെ വച്ച് പിന്നീട് മീരയെ ആക്രമിക്കുകയും ചെയ്തു. അധിക്ഷേപം നടത്തിയ എംഎൽഎ ഇതിനു മുൻപും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ലേ. ലോകം തന്നെ ആദരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ അധിക്ഷേപിക്കുക മാത്രമാല്ല തൻ്റെ സംഘങ്ങൾക്ക് എകെജിയെ  ആക്രമിക്കാൻ പ്രോത്സാഹനം നൽകുന്നതും കണ്ടില്ലേ. അന്നു ആ നടപടിയെ കെപിസിസി അധ്യക്ഷൻ വിമർശിച്ചു. അപ്പോൾ ആ പ്രസിഡൻ്റിന് ഇദ്ദേഹത്തിൻ്റെ അണികളിൽ നിന്നും നേരിടേണ്ടി വന്ന സൈബർ ആക്രമണം എങ്ങനെയുണ്ടായിരുന്നു. 

ഫേസ്ബുക്കിൽ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തിയതിനാണ് ഒരു മുതിർന്ന കോൺ​ഗ്രസ് നേതാവിനെതിരെ ഒരു വനിത പരാതി നൽകിയത്. മറ്റൊരു യുവ കോൺ​ഗ്രസ് എംഎൽഎയും ന്യായീകരിക്കാനിറങ്ങി. ഒടുവിൽ ഓടി നട‌ന്ന് തെറി പറയുകയായിരുന്നു. പോസ്റ്റിൽ കമൻ്റിട്ട സ്ത്രീകളേയും തെറി പറഞ്ഞു. അതിനു ശേഷമാണ് ഹനാന്‍ എന്ന പെൺകുട്ടി അങ്ങയേറ്റം അശ്ലീലമായ തെറിവിളകൾക്ക് ഇരയായത്. പ്രതിപക്ഷ നേതാവിനെ വിമർശിച്ചു എന്നാതായിരുന്നു കുറ്റം. പ്രതിപക്ഷനേതാവ് നിർമ്മിച്ചു തന്ന വീട്ടിലിരുന്ന് അദ്ദേഹത്തെ കുറ്റം പറയാമോ എന്നു ചോദിച്ചാണ് തെറി വിളി തുടങ്ങിയത്. 

നിപയ്ക്ക് എതിരായ പോരാട്ടത്തിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനിയുടെ കുടുംബത്തെ സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും വേട്ടയാടാനുള്ള ശ്രമം മറന്നു പോയോ. ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന ഓഫീസിലേക്ക് മാർച്ച് നടത്തിയില്ലേ. എന്താണ് മാധ്യമപ്രവർത്തകരുടെ അവസ്ഥ. ന്യൂസ് 18-ലെ ഒരു അവതാരകയെ എന്താല്ലാം തെറി പറഞ്ഞാണ് ഈ കൂട്ടർ അധിക്ഷേപിച്ചത്. അപ്പോൾ ആ അവതാരകയെ പ്രൈം ടൈം ന്യൂസിൽ നിന്നും മാറ്റി നിർത്തുന്ന അവസ്ഥയുണ്ടായില്ലേ. എഷ്യാനെറ്റിലെ ഒരു അവതാരക നേരിട്ടത് എന്തായിരുന്നു. ഒരു കോൺ​ഗ്രസ് പേജിൽ അവർക്കെതിരെ വാർത്ത വന്നില്ലേ, ഭീഷണി മുഴക്കിയില്ലേ.

ചിലരെ ഇതിൻ്റെ ഭാ​ഗമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ ജയിലിൽ പോയി സ്വീകരിച്ചതും നാം കണ്ടില്ലേ. മനോരമയിലെ ഒരു അവതാരികയ്ക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി. എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതിഷേധിക്കാൻ തയ്യാറായത്. എതു കൂട്ടരാണ് അതിനെതിരെ ചർച്ച നടത്താൻ തയ്യാറായത്. ആ ഇരട്ടത്താപ്പിൻ്റെ വശം ഞാൻ നേരത്ത ചൂണ്ടിക്കാണിച്ചതാണ്. ഇങ്ങനെ അസഭ്യവർഷം നടത്തുന്നവരാണ് പ്രതിപക്ഷ അണികൾ. മാന്യമായി സോഷ്യൽ മീഡിയയിൽ ഇടപെടാൻ സ്വന്തം അണികളോട് അല്ലെങ്കിലും നേതാക്കാളോട് എങ്കിലും ആവശ്യപ്പെടണം.

സ്വ‍ർണ്ണക്കടത്തിൽ പ്രതി ചേർക്കപ്പെട്ട സം​ഗീത് സിപിഎം പ്രവർത്തകനാണെന്ന് ആദ്യം വാർത്ത നൽകിയത് ഇവിടുത്തെ ഒരു പ്രമുഖ മാധ്യമമാണ്. ഒരു ഘട്ടത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ കക്ഷത്തിലേക്ക് ക്യാമറ സൂം ചെയ്ത് ഏലസ് കണ്ടെത്തിയത് ഓർമ്മയില്ലേ. ഒരു മെഡിക്കൽ ഉപകരമാണ് മാന്ത്രിക ഏലസായി ചിത്രീകരിച്ചത്. ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കോൺ​ഗ്രസ് നേതാവിൻ്റെ മുടി സിപിഎം പ്രവർത്തകർ മുറിച്ചെന്ന് പറഞ്ഞ് ഒന്നാം പേജിൽ വാർത്ത കൊട‌ുത്തത്. പിന്നെ അതു ആ സ്ത്രീ സ്വയം മുറിച്ചെന്ന് പറഞ്ഞപ്പോൾ മാപ്പ് പറഞ്ഞോ തിരുത്തിയോ ഇല്ല. 

കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോരിനെ തുടർന്നാണ് ഐഎസ്ആർഒ ചാരക്കേസുണ്ടായത്. അതിനെപ്പറ്റി അദ്ദേഹം ഇന്നലെ ഒരു ചാനലിൽ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഇന്നത്തെ ഘട്ടത്തിൽ യോജിച്ചു ചെയ്യാൻ പറ്റിയ എന്താണുള്ളത്. അതുനോക്കാം. അതേപ്പറ്റി ചോദിക്കാം അതിനുള്ള വിശദീകരണവും തരാം. നമ്മൾ ആ നിലയ്ക്ക് പോകുന്നതാവും നല്ലത്.