24 മണിക്കൂറിൽ 65968 സാമ്പിളുകൾ പരിശോധിച്ചു. 13 പേര്‍ രോഗബാധിതരായി മരണപ്പെട്ടു. 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,09,72,895 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 590, എറണാകുളം 532, മലപ്പുറം 513, തൃശൂര്‍ 489, കൊല്ലം 438, ആലപ്പുഴ 378, തിരുവനന്തപുരം 208, പത്തനംതിട്ട 288, കോട്ടയം 252, പാലക്കാട് 111, കണ്ണൂര്‍ 137, വയനാട് 135, കാസര്‍ഗോഡ് 107, ഇടുക്കി 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 459, കൊല്ലം 780, പത്തനംതിട്ട 550, ആലപ്പുഴ 361, കോട്ടയം 539, ഇടുക്കി 263, എറണാകുളം 658, തൃശൂര്‍ 404, പാലക്കാട് 164, മലപ്പുറം 596, കോഴിക്കോട് 659, വയനാട് 151, കണ്ണൂര്‍ 217, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,67,630 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 949 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 366 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഏകദേശം 5.8 ശതമാനം കുറവ് ഒരാഴ്ചക്കിടെ ഉണ്ടായി. രോഗവ്യാപനം കുറയുന്നുണ്ട്. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ. ഇത് വസ്തുനിഷ്ഠമായി ഐസിഎംആർ പഠനം വ്യക്തമാക്കുന്നു. ഒരു സംസ്ഥാനത്തെയും മുഴുവൻ ജില്ലകൾ അവർ പഠന വിധേയമാക്കാറില്ല. അത് അവരെ സംബന്ധിച്ച് സാധ്യമല്ല. അതിനാൽ എല്ലാ ജില്ലയിലും സിറോ പ്രിവൈലൻസ് പഠനം ആരംഭിച്ചു. സാമ്പിൾ ശേഖരിക്കുന്നു. 

കേരളത്തിലുണ്ടായ കൊവിഡ് വ്യാപനത്തെ കുറിച്ച് സമഗ്രമായ ചിത്രം ലഭിക്കാൻ പഠനം സഹായിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറഞ്ഞ തോതിൽ സമയമെടുത്താണ് കേരളത്തിലുണ്ടായത്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മുൻപത്തെ അപേക്ഷിച്ച് കൂടി. നിയന്ത്രണത്തിലുണ്ടായ ഇളവുകൾ അതിന് കാരണമായി കാണും. വ്യക്തിപരവും സാമൂഹികവുമായ സുരക്ഷയെ മുൻനിർത്തിയുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണം.

രോഗപ്രതിരോധത്തിന്‍റെ പ്രധാന മാർഗം വാക്സീനേഷനാണ്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും അത് സ്വീകരിക്കാൻ സന്നദ്ധരാകണം. അനാവശ്യ ആശങ്ക ഇക്കാര്യത്തിൽ വേണ്ട. വാക്സീനേഷൻ എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നു. കേന്ദ്രസർക്കാരുമായും ബന്ധപ്പെടുന്നുണ്ട്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കെഎസ്ആർടിസി സർക്കാരിൽ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യം. ഇതിനായി കെഎസ്ആർടിസി റീസ്ട്രക്ർ 2.0 നടപ്പിലാക്കാം. ഇത് സ്ഥാപനത്തിന്‍റെയും ജീവനക്കാരുടെയും ഉന്നമനത്തിന് അത്യാവശ്യമാണ്. ജീവനക്കാരുടെ പൂർണ സഹകരണം നിലനിർത്തണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും എല്ലാ ജീവനക്കാർക്കും 1500 രൂപ വീതം അനുവദിച്ച് നൽകിയിട്ടുണ്ട്. പുനസംഘടനയ്ക്ക് ജീവനക്കാരുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നു.

കെഎസ്ആർടിസിയിൽ 1-7-2016 മുതൽ ഒൻപത് ഡിഎ കുടിശിക ഉണ്ട്. ഇതിൽ മൂന്ന് ഡിഎ ഘഡു മാർച്ച് മാസം നൽകും. ശമ്പള പരിഷ്കരണം ന്യായമായ വിഷയമാണ്. 2016 മുതൽ അർഹമായ ശമ്പള പരിഷ്കരണ ചർച്ച ആരംഭിക്കും. 2021 ജൂൺ മാസം മുതൽ ശമ്പള പരിഷ്കരണം നൽകും. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ സ്ഥാനക്കയറ്റം നൽകുക പ്രയാസമാണ്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ പത്ത് ശതമാനം സ്ഥാനക്കയറ്റം നൽകും. ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ നിയമനത്തിന് പരിഗണിക്കും.

സർക്കാർ ഇതുവരെ വായ്പയായി നൽകിയ 3897.13 കോടി രൂപ ഇക്വിറ്റിയായി മാറ്റണമെന്നും 961.71 കോടി രൂപ എഴുതിത്തള്ളാനും തത്വത്തിൽ തീരുമാനിച്ചതാണ്. പിരിച്ചുവിട്ട താത്കാലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർ എന്നിവരിൽ പത്ത് വർഷത്തിലേറെ സർവീസുള്ളവരെ കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും. മറ്റുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിൽ സ്ഥിരപ്പെടുത്തും. ഭരണ നിർവഹണ ഓഫീസ് ജില്ലയിൽ ഒന്നായി നിജപ്പെടുത്തും. പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് പെട്രോൾ, ഡീസൽ ഔട്ട്ലെറ്റ് തുറക്കും. മെക്കാനിക്കൽ ജീവനക്കാരെ പുനരധിവസിപ്പിക്കും. ഹോൾട്ടിങ് സ്റ്റേഷനുകളിൽ വൃത്തിയുള്ള വിശ്രമമുറി അനുവദിക്കും. ജീവനക്കാർക്ക് കൂടുതൽ പ്രൊമോഷൻ സാധ്യത സൃഷ്ടിക്കും. വികാസ് ഭവൻ ഡിപ്പോ നവീകരണവും വാണിജ്യ സമുച്ചയവും ഉണ്ടാക്കും. മൂന്നാറിൽ ടൂറിസ സമുച്ചയം ആരംഭിക്കും.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മഹാകാര്യമെന്ന മട്ടിൽ ചിലത് പറഞ്ഞു. ഒരു കാര്യം വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അത് തീരദേശത്തെ ജനം അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നു. അവരെ സർക്കാരിനെതിരെ തിരിച്ചുവിടാമെന്ന വ്യാമോഹം നടക്കില്ല.

മത്സ്യമേഖലയിൽ കൃത്യമായ നയം രൂപീകരിച്ചു. അതിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയതാണ്. വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റ് യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദം നൽകാതിരിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന് വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന്‍റെ തീരക്കടലിൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾക്ക് നിയന്ത്രണം കർശനമാക്കും. പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാക്കും. ഇത് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന നയമാണ്. ഇനി പുതിയ യാനം വേണമെങ്കിൽ അത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ നൽകു.

മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്‍റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വില നിർണയിക്കാനും വിപണനത്തിലേർപ്പെടാനും അവകാശം അവർക്ക് മാത്രമായി നിജപ്പെടുത്തി. പ്രതിപക്ഷ നേതാവിന്‍റെ പാർട്ടിയാണ് കോർപ്പറേറ്റ് ഇടപെടലിന് തീരുമാനം കൊണ്ടുവന്നത്. നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. വിദേശ ഭീമന്മാർക്ക് മത്സ്യസമ്പത്ത് തീറെഴുതിക്കൊടുത്ത ചരിത്രമാണ് കോൺഗ്രസിന്.

വിട്ടുവീഴ്ചയില്ലാതെ പോരാടിയവരാണ്,. ഇന്നും ആ രാഷ്ട്രീയം തുടരുന്നവരാണ്. മത്സ്യബന്ധനത്തിനായി ആഴക്കടൽ വിദേശ കുത്തകകളുടെ ലാഭക്കൊതിക്ക് തുറന്നുകൊടുത്ത നയമല്ല ഈ സർക്കാരിന്‍റേത്. വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റ് ട്രോളറുകൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് കേന്ദ്രമാണ്. എതിർപ്പിനെ തുടർന്ന് 2017 ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധനത്തിൽ വിദേശ കമ്പനികൾക്ക് നൽകിയ അനുമതി നിർത്തലാക്കി. സംസ്ഥാനത്തിന്‍റെ നിലപാട് ഇതിൽ നിന്ന് വ്യക്തമാണ്.

മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാകുന്ന തൊഴിലാളികളെ ആഴക്കടൽ യാനങ്ങളുടെ ഉടമകളാക്കുന്ന നയമാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യം. അതിൽ കോർപ്പറേറ്റുകൾക്ക് സ്ഥാനമില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശീയ-തദ്ദേശീയ യാനങ്ങളെ അനുവദിക്കില്ലെന്ന ഫിഷറീസ് നിലപാട് മറികടന്ന് ഒരു പദ്ധതിക്കും അനുമതി നൽകില്ല. അതിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകുന്ന സർക്കാരല്ല ഇത്. സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് എതിരാണെന്ന പുകമറ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട.

അർധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ച ഭടന്മാർക്കും, ഭാര്യമാർക്കും മരിച്ചവർക്കും വസ്തുനികുതി ഒഴിവാക്കി നൽകാൻ തീരുമാനിച്ചു. സർക്കാരോ വകുപ്പോ ഒരു എംഒയു ഒപ്പിട്ടിട്ടില്ല. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നീടേ സർക്കാരിന്‍റെ പരിഗണനയ്ക്ക് വരുകയുള്ളു. അപ്പോൾ അതിൽ നിലപാടെടുക്കും.

കെഎസ്ഐഡിസിയുടെ അടുത്ത് അവർ എത്തിയത് നേരത്തെ നടന്ന ശ്രമത്തിന്‍റെ ഭാഗമായാണ്. ആലപ്പുഴയിൽ മെഗാ മറൈൻ ഫുഡ് പാർക്ക് കെഎസ്ഐഡിസി ആരംഭിച്ചു. പള്ളിപ്പുറത്ത് ഇന്റസ്ട്രിയൽ ഗ്രോത്ത് സെന്‍ററിലാണ് പാർക്ക്. ഈ കമ്പനി അവിടെ സ്ഥലത്തിന് വേണ്ടി നേരത്തെ അപേക്ഷ നൽകി. കെഎസ്ഐഡിസി അതിന് മറുപടി നൽകി. കമ്പനി ഇതുവരെ അവിടെ സ്ഥലം എടുത്തിട്ടില്ല. ഇതെല്ലാം സാധാരണ നടപടിക്രമത്തിന്‍റെ ഭാഗമായ കാര്യമാണ്. സർക്കാരിനെ അറിയിച്ചേ ഒരു കരാറിൽ ഒപ്പിടാവൂ എന്നില്ല. സർക്കാരിന്‍റെ ശ്രദ്ധയിൽ അക്കാര്യം അറിയിച്ചില്ല. ബന്ധപ്പെട്ട സെക്രട്ടറിയും അതറിഞ്ഞിട്ടില്ല.

ഇതിൽ ചില ദുരൂഹതകളുണ്ട്. 2021 ഫെബ്രുവരി 11നാണ് ഈ കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞ് രണ്ട് പേർ വ്യവസായ മന്ത്രിയുടെ ഓഫീസിലെത്തി ഫിഷറീസ് റിസർച് ഡവലപ്മെന്‍റില്‍ അസന്റിൽ ധാരണാപത്രം ഒപ്പുവെച്ച് മന്ത്രിസഭ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടത്. ആ നിവേദനത്തിലെ ഉള്ളടക്കമാണ് എഗ്രിമെന്‍റ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. അതെങ്ങനെ പ്രതിപക്ഷ നേതാവിന്‍റെ പക്കലെത്തി. അക്കാര്യം അദ്ദേഹം തന്നെ പങ്കുവെക്കണം. ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് മന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്നയാളാണ് ഇപ്പോൾ ഫിഷറീസ് വകുപ്പ് സെക്രട്ടറി.

ഫിഷറീസ് മന്ത്രിയെ കണ്ടത് തെറ്റായ പ്രചാരണം. യുഎന്നിന്‍റെ പരിപാടിക്കാണ് മന്ത്രി ന്യൂയോർക്കിൽ പോയത്. അവർ ഇവിടെ വെച്ച് കണ്ടു. പല കാര്യങ്ങൾക്ക് പലരും ഓഫീസിൽ വരില്ലേ. സർക്കാർ നിലപാട് സർക്കാർ നയത്തിന്‍റെ ഭാഗമായിട്ടല്ലേ. തെറ്റായ നീക്കം ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥനെതിരെയൊന്നും ഇപ്പോൾ പറയേണ്ട ഘട്ടമല്ല. ഉദ്യോഗസ്ഥനെ സംശയത്തിന്‍റെ മുനയിൽ നിർത്തേണ്ടതില്ല. യാനം നിർമ്മിച്ചത് എന്തിനെന്ന് പരിശോധിക്കും.