Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ്; കോട്ടയത്ത് ജാ​ഗ്രത, 10 പേർ നിരീക്ഷണത്തിൽ

തമിഴ്നാട്ടിൽ നിന്ന് ഇക്കഴിഞ്ഞ മൂന്നിന് മുട്ടയുമായി എത്തിയ  ലോറി ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ മുട്ടയെത്തിച്ച മൂന്ന് കടകൾ അടപ്പിച്ചു.

covid for lorry driver who arrived from tamilnadu in kottayam
Author
Kottayam, First Published May 6, 2020, 11:17 AM IST

കോട്ടയം: തമിഴ്നാട്ടിൽ നിന്ന് വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിൽ വന്ന പത്ത് പേരെ കോട്ടയത്ത് നിരീക്ഷണത്തിലാക്കി. ഇയാൾ മുട്ടയെത്തിച്ച മൂന്ന് കടകൾ അടപ്പിച്ചു. ജില്ലയിലെ നിയന്ത്രിത മേഖലകളുടെ എണ്ണം കൂട്ടി.

തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് ഇക്കഴിഞ്ഞ മൂന്നിന് മുട്ടയുമായി കോട്ടയത്തെത്തിയ ലോറി ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ നാലിന് തിരികെ പോയി. എന്നാൽ, തമിഴ്നാട്ടിലെ വെണ്ടന്നൂർ ചെക്പോസ്റ്റിൽ വെച്ച് ശേഖരിച്ച സാമ്പിൾ കൊവിഡ് പോസിറ്റീവായി. ഇതേത്തുടർന്നാണ് ലോറി ഡ്രൈവറുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന പത്ത് പേരെ കോട്ടയത്ത് നിരീക്ഷണത്തിലാക്കിയത്. ഇയാൾ മുട്ടയെത്തിച്ച അയർക്കുന്നം, സംക്രാന്തി എന്നിവിടങ്ങളിലെയും കോട്ടയം നഗരത്തിലെയും ഓരോ കടകൾ വീതം അടപ്പിച്ചു. 

പക്ഷേ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ. അതേസമയം, നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മേഖലകൾ ഉൾപ്പെടുന്ന കൂടുതൽ തദ്ദേശ സ്ഥാപന വാർഡുകളെ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് എട്ട് പഞ്ചായത്തുകളിലായി പത്ത് വാർഡുകൾ നിയന്ത്രിത മേഖലയായി. ചങ്ങനാശേരി നഗരസഭയുടെ 33-ാം വാർഡും കോട്ടയം നഗരസഭയുടെ രണ്ട്, എട്ട് വാർഡുകളും നിയന്ത്രിത മേഖലയായി. നേരത്തെ രോഗികളുടെ വീടുൾപ്പെടുന്ന പ്രദേശം മാത്രമായിരുന്നു നിയന്ത്രിത മേഖല. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആറ് പേരാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.

Follow Us:
Download App:
  • android
  • ios