പാലക്കാട്: കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ്‌ 31 മുതൽ  പൂര്‍ണ്ണമായി അടച്ചിടാൻ പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. അനങ്ങനടി, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കൊടുമ്പ്, മുതലമട, കുഴൽമന്ദം, പെരുവെമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും അടച്ചിടുന്നത്.

ഈ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ നിയന്ത്രണവിധേയമാക്കുന്നതിനും അടയ്ക്കുന്നതിനും വേണ്ട നടപടികള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി നിർവഹിക്കണം. ഈ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനും അവിടെയുള്ളവർക്ക് പുറത്തേക്ക് പോകുന്നതിനും ഒരു എന്‍ട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി തീരുമാനിച്ച് മറ്റു വഴികൾ  അടച്ചിടണം. അടച്ചിട്ട പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍  എത്തിക്കുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതും, ഇതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഒരുക്കേണ്ടതുമാണ്.

അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. ലോക്ക്ഡൗൺ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. ഹോം ഡെലിവറി  മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona