Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

ഇത് രണ്ടാം തവണയാണ് കനിവ് 108 ആംബുലന്‍സില്‍ കോവിഡ് ബാധിതയായ യുവതി പ്രസവിക്കുന്നത്. ഇതിന് മുമ്പ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ സമാനമായ സംഭവമുണ്ടായിരുന്നു. 

covid patient delivery in kaniv 108 ambulance
Author
Malappuram, First Published Dec 5, 2020, 6:36 PM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ  കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഇത് രണ്ടാം തവണയാണ് കനിവ് 108 ആംബുലന്‍സില്‍ കോവിഡ് ബാധിതയായ യുവതി പ്രസവിക്കുന്നത്. ഇതിന് മുമ്പ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ സമാനമായ സംഭവമുണ്ടായിരുന്നു. യുവതിക്ക് മികച്ച പരിചരണം നല്‍കി ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ജീവനക്കാരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 

പ്രസവത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ എത്തിയ യുവതിക്ക് ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ്  പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ മികച്ച ചികിത്സയ്ക്കായി ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയായിരുന്നു. കണ്ട്രോള്‍ റൂമില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കീഴില്‍ സേവനം നടത്തുന്ന കനിവ് 108 ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സ് പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ യുവതിയ്ക്ക് പ്രസവ വേദനയുണ്ടാകുകയും ഉടന്‍ തന്നെ ആംബുലന്‍സ് നിര്‍ത്തിയ ശേഷം എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ പരിചരണത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. 

പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയേയും കുഞ്ഞിനേയും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പി.കെ. ജെറീസ്, പൈലറ്റ് മുഹമ്മദ് റിയാസ് എന്നിവരാണ് യുവതിക്ക് സഹായമായത്.

Follow Us:
Download App:
  • android
  • ios