Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയായ ലോറി ഡ്രൈവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ചാടിപ്പോയി

ഇയാളെ കണ്ടുപിടിക്കാൻ സൈബർ പൊലീസിന്റ സഹായത്തോടെ അന്വേഷണം തുടങ്ങി. ഇയാളുടെ മൊബൈൽ ഇപ്പോൾ വിശാഖപട്ടണം മേഖലയിലെന്ന് സൂചന. 

Covid patient escaped from palakkad district hospital
Author
Palakkad, First Published Jun 11, 2020, 11:33 AM IST

പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. മധുര  സ്വദേശിയായ ലോറിഡ്രൈവറാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഈ മാസം അഞ്ചിന് കടന്നുകളഞ്ഞത്. ഇയാളെ കണ്ടുപിടിക്കാൻ സൈബർ പൊലീസിന്റ സഹായത്തോടെ അന്വേഷണം തുടങ്ങി.

പാലക്കാട്ട് കൊവിഡ് രോഗവ്യാപനം  ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ്  ആശുപത്രിയിലെ ഈ ഗുരുതര വീഴ്ച. ഈ മാസം അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയാണ് ഫലം വന്ന് മണിക്കൂറുകൾക്കകം കടന്നുകളഞ്ഞത്. മധുരയിൽ നിന്ന് ആലത്തൂരിലേക്ക് ലോഡിറക്കാൻ വന്നതായിരുന്നു ഇയാൾ. വയറുവേദനയെതുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെ, ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. സ്രവപരിശോധനയും നടത്തി. ഫലംകിട്ടിയ അന്ന് രാത്രി തന്നെ ചികിത്സയ്ക്ക് തയ്യാറാവാതെ ഇയാൾ കടന്നുകളയുകയായിരുന്നെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനമെത്തിയത് വിശാഖപട്ടണത്തിൽ ആണെന്ന് മനസ്സിലായിട്ടുണ്ട്. ഇദ്ദേഹം അവിടെ ചികിത്സ തേടിയോ എന്നതിനെക്കുറിച്ചും വ്യക്തതയില്ല. കൊവിഡ് ആശുപത്രിയിൽ നിന്ന് രോഗി ചാടിപ്പോയത് ഗുരുതര പിഴവായാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios