തിരുവനന്തപുരം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു. തിരുവനന്തപുരം പാലോട് സ്വദേശിയായ ആളാണ് ചികിത്സയ്ക്ക് തയ്യാറാകാതെ രക്ഷപ്പെടാൻ ശ്രമിച്ചത്. 

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റാനായി ആരോഗ്യപ്രവർത്തകർ എത്തിയെങ്കിലും ഇദ്ദേഹം സഹകരിച്ചില്ല. ഇതോടെ ആരോഗ്യപ്രവർത്തകർ പൊലീസിൻ്റെ സഹായം തേടി. സ്ഥലത്ത് എത്തിയ പാലോട് പൊലീസ് കൊവിഡ് രോഗിയെ ആംബുലൻസിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. 

ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനാൽ പാലോട് സിഐ അടക്കം നാല് പൊലീസുകാർ ക്വാറൻ്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. പനിയെ തുടർന്ന് ജൂലൈ 28-ന് ചികിത്സ തേടിയ ഇയാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നാണ് ഇയാളുടെ പരിശോധന ഫലം വന്നത്.