ദില്ലി: പ്രവാസികളുടെ മടക്കത്തില്‍ കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം. ട്രൂ നാറ്റ് പരിശോധന അപ്രായോഗികമാണ് എന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചിരിക്കുന്നത്. രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്താന്‍ പരിമിതികളുണ്ടെന്നും കേന്ദ്രം പറയുന്നു. അതേസമയം, ട്രൂ നാറ്റിന് പകരം ആന്‍റി ബോഡി പരിശോധന ഏര്‍പ്പെടുത്താനാണ് കേരളത്തിന്റെ നീക്കം.

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം വലിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ചാർട്ടേർഡ് വിമാനത്തിൽ മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കേരളത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ട്രൂ നാറ്റ് പരിശോധന നടത്തി കൊവിഡ് ഇല്ല എന്ന് ഉറപ്പ് പരുത്തുന്നതാണ് കേരളം മുന്നോട്ടുവെച്ച പ്രധാന നിര്‍ദ്ദേശം. എന്നാല്‍, ട്രൂ നാറ്റ് പരിശോധന പല വിദേശ രാജ്യങ്ങളും അംഗീകരിച്ചില്ലെന്നും അതിനാല്‍, ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

കൊവിഡ് രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്നായിരുന്നു കേരളത്തിന്‍റെ രണ്ടാമത്തെ പ്രധാന നിര്‍ദ്ദേശം. എന്നാല്‍, ഇതിന് പരിമിതികളുണ്ടെന്നും കേന്ദ്രം കേരളത്തെ അറിയിച്ചു.