കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ കൊവിഡ് വ്യാപനം കൂടുന്നു. പെരുമാറ്റച്ചട്ടം പാലിക്കുന്നതിലെ അലംഭാവവും ആരോഗ്യ പ്രവർത്തകരുടെ എണ്ണക്കുറവുമാണ് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 200 ന് മുകളിലാണ് കോഴിക്കോട് ജില്ലയിലെ പ്രതിദിന കൊവിഡ് വ്യാപന കണക്ക്. ഞായറാഴ്ച 399 പേര്‍ക്കും തിങ്കളാഴ്ച 382 പേര്‍ക്കും ചൊവ്വാഴ്ച 260 പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്.

പ്രധാനമായും തീര പ്രദേശം കേന്ദ്രീകരിച്ചാണ് രോഗം പടരുന്നത്. കോഴിക്കോട് കോർപ്പറേഷന് പരിധിയിലുള്ള തീര പ്രദേശങ്ങളായ വെള്ളയിൽ മുഖദാർ എന്നിവിടങ്ങളിൽ വൻ തോതിലാണ് രോഗം വ്യാപനം. കോർപ്പറേഷന് പുറത്ത് ചാലിയം, കൊയിലാണ്ടി, വടകര തീരങ്ങളിലും സ്ഥിതി രൂക്ഷം.

ജനങ്ങൾ കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കാൻ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം. വിവാഹം, മരണാന്തര ചടങ്ങ് തുടങ്ങിയവയ്ക്കെല്ലാം ആളുകൾ പഴയതുപോലെ തന്നെ ഒത്തുചേരുന്നു. ഓണാഘോഷ സമയത്തും പെരുമാറ്റച്ചട്ടം തീരപ്രദേശങ്ങളിൽ കാറ്റിൽ പറത്തി. ഒപ്പം പരിശോധനകളോട് മുഖംതിരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. തീരപ്രദേശത്ത് ആരോഗ്യവകുപ്പിന്‍റെ പരിശോധന ക്യാമ്പുകളോട് സഹകരിച്ചത് 50 ശതമാനം ആളുകൾ മാത്രം.