Asianet News MalayalamAsianet News Malayalam

ഇന്ന് 31265 പുതിയ രോ​ഗികൾ, 153 മരണം; ടിപിആർ 18.67; മരണനിരക്ക് കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്സീൻ നൽകുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

covid update 28 08 2021 cm pinarayi pressmeet
Author
Thiruvananthapuram, First Published Aug 28, 2021, 6:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. 167497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കൊവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിലുണ്ടായ വര്‍ധന ഓണത്തോടെ കൂടി. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്സീൻ നൽകുന്നുണ്ട്. മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിൻ്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാൻ സാധിച്ചത് പ്രതിരോധ സംവിധാനത്തിൻ്റെ ഗുണം കൊണ്ട് മാത്രമാണ് എന്നും  മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.  ആകെ മരണം 20,466 ആയി.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3943, എറണാകുളം 3750, കോഴിക്കോട് 3252, മലപ്പുറം 3119, കൊല്ലം 2733, പാലക്കാട് 1691 തിരുവനന്തപുരം 2289, ആലപ്പുഴ 1900, കോട്ടയം 1599, കണ്ണൂര്‍ 1549, പത്തനംതിട്ട 1205, വയനാട് 1203, ഇടുക്കി 1146, കാസര്‍ഗോഡ് 512 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1571, കൊല്ലം 2416, പത്തനംതിട്ട 805, ആലപ്പുഴ 1244, കോട്ടയം 476, ഇടുക്കി 741, എറണാകുളം 1819, തൃശൂര്‍ 2521, പാലക്കാട് 2235, മലപ്പുറം 3002, കോഴിക്കോട് 2301, വയനാട് 649, കണ്ണൂര്‍ 1138, കാസര്‍ഗോഡ് 550 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,51,666 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,84,508 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ...

നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചു നാളായി. നിയമസഭാ സമ്മേളനവും ഓണവും കാരണം ഇടവേള വന്നു. ഇന്നത്തെ ദിവസം അയ്യങ്കാളിയുടേയും ചട്ടമ്പിസ്വാമിയുടേയും സ്മരണദിനമാണ്. കേരളത്തിൻ്റെ നവോത്ഥാന വഴിയിലെ ദീപസ്തംഭങ്ങളായ ആ മഹാരഥൻമാരെ ആദ്യമേ അനുസ്മരിക്കുന്നു. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയാണ്. ഇന്ന് 31265 പേർക്കാണ് രോഗബാധ.167497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കൊവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചു.204086  പേരാണ് ചികിത്സയിൽ ഉള്ളത്.

ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിലുണ്ടായ വര്‍ധന ഓണത്തോടെ കൂടി. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിച്ചിരുന്നു. വാക്സീനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്സീൻ നൽകുന്നുണ്ട്.

 മരണനിരക്ക് പിടിച്ചു നിര്‍ത്താനായി എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായി മരണങ്ങളും വര്‍ധിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണ്. വാക്സീൻ ആദ്യം തന്നെ നൽകിയത് ഈ വിഭാഗത്തിൽപ്പെട്ടവര്‍ക്കാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിര്‍ത്തിയാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതൽ പ്രവര്‍ത്തിക്കുന്നത്. ആ ഉദമ്യം നല്ല രീതിയിൽ കൊണ്ടു പോകാൻ നമ്മുക്കായി. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ ഗൗരവപൂര്‍വ്വം പരിശോധിക്കുകയും നടപടി സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിൻ്റെ സാധ്യത കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളിൽ മുന്നോട്ട് പോയെ മതിയാവൂ.

ദേശീയനിരക്കുമായി താരത്മ്യം ചെയ്താൽ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാൽ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവും. കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ദ്ധർ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിൻ്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന സാധിച്ചത് പ്രതിരോധ സംവിധാനത്തിൻ്റെ ഗുണം കൊണ്ട് മാത്രമാണ്.

ഒരു സമൂഹത്തിൽ എത്രശതമാനം പേരിൽ രോഗം വന്നു പോയി എന്നറിയാൻ സെറം സർവേ നടത്താറുണ്ട്. ഏറ്റവും അവസാനം ഐസിഎംആർ പുറത്തുവിട്ട സെറം സർവേ പ്രകാരം കേരളത്തിലെ 44.4 പേർക്ക് മാത്രമാണ് രോഗം വന്നു പോയത്. കൂടുതൽ പേരിൽ വൈറസ് എത്തുന്നത് തടയാൻ നമ്മുക്കായി. എന്നാൽ ഇതുവരെ രോഗം ബാധിക്കാത്തവർ കേരളത്തിൽ അൻപത് ശതമാനത്തിനും മുകളിലാണ് എന്നതാണ് മറ്റൊരു വശം. ദേശീയതലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. രാജ്യത്തെ ആകെ കണക്കെടുത്താൽ ഇനി 33 ശതമാനം പേർക്കാണ് രോഗം വരാനുള്ളത്. മധ്യപ്രദേശിൽ 79 ശതമാനം പേർക്ക് രോഗം വന്നു പോയെന്നാണ് സെറം സർവേ പറയുന്നത്.

രണ്ട് കോടിയോളം പേര്‍ക്ക് കേരളത്തിൽ ആദ്യഡോസ് വാക്സീൻ നൽകി കഴിഞ്ഞു. സെപ്തംബറിൽ തന്നെ 18- വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നൽകാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റിൽ ആരംിച്ച വാക്സീനേഷൻ യജ്ഞം വലിയ വിജമയാണ്. പദ്ധതിയിലൂടെ 50 ലക്ഷം പേര്‍ക്ക് ഇതിനോടകം വാക്സീൻ നൽകി കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2.77 കോടി ഡോസ് പേര്‍ക്ക് ആകെ വാക്സീൻ ൽകിയിട്ടുണ്ട്. 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നൽകി.

അശാസ്ത്രീയമായ വാക്സീൻ വിരുദ്ധ പ്രചാരണം പലരേയും വാക്സീൻ എടുക്കാൻ വിമുഖരാക്കുന്നുണ്ട്. വാക്സീനെടുക്കാൻ വിമുഖത കാണിച്ച ഒൻപത് ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ബോധവത്കരിക്കാൻ പരമാവധി ശ്രമിച്ചിട്ടും ഇവരിൽ പലരും ഇപ്പോഴും വാക്സീനേഷനോട് മുഖം തിരിക്കുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിപക്ഷവും വാക്സീൻ എടുക്കാത്തവരാണ്. ഇക്കാര്യത്തിൽ എല്ലാവരും പൊതുജാഗ്രത പുലർത്തുകയും ഇത്തരം വിമുഖത കാണിക്കുന്നവരെ തിരിച്ചറിഞ്ഞ് വാക്സീൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും വേണം.

കൊവിഡ് മുക്തരായ കുട്ടികളിൽ ചില ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ട്. വയറുവേദന, പനി, ത്വക്കിൽ കാണുന്ന തിളർപ്പ് എന്നിവ കൊവിഡാനന്തര രോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഡോക്ടർമാർക്ക് ഈ അസുഖം ചികിത്സിക്കാൻ വേണ്ട പരിശീലനം നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യവകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചിരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗമുണ്ടായായാൽ കുട്ടികളിൽ കൂടുതൽ ആരോഗ്യപ്രശ്നമുണ്ടായേക്കാം എന്നാണ് ആശങ്ക. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ പ്രത്യേക ശിശുരോഗ ഐസിയുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തു. 870 മെട്രിക് ടൺ ഓക്സിജൻ നിലവിൽ കരുതൽ ശേഖരമായിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 13 മെട്രിക് ടണ്‍ ഓക്സിജൻ സ്ഥാപിക്കാൻ സഹായകരമാവുന്ന പ്ലാന്റുകൾ സ്വകാര്യ ആശുപത്രികളിൽ സജ്ജമാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിൽ ഐസിയു വെൻ്റിലേറ്റര്‍ സൗകര്യം ഇതൊന്നും ലഭ്യമല്ലെങ്കിൽ ഇത്തരം ആശുപത്രികളിൽ മാറ്റി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കാൻ 3.19കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സാവും വരെ മാസംതോറും 2000 രൂപയുമാണ് അനുവദിക്കുന്നത്. ഈ കുട്ടികളുടെ ഡിഗ്രീ വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് 87 കുട്ടികളെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താൻ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. അടുത്ത ആഴ്ച മുതൽ സംസ്ഥാനത്താകെ രാത്രിക്കാല കര്‍ഫ്യൂ നടപ്പാക്കും. രാത്രി 10 മുതൽ രാവിലെ ആറ് വരെയാവും കര്‍ഫ്യൂ

സംസ്ഥാനത്ത് അനുബന്ധരോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കൊവിഡ് രോഗബാധയുണ്ടായാൽ അതിവേഗം ചികിത്സ നൽകാൻ നടപടിയെടുക്കും. ഇന്നത്തെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേർന്ന യോഗം വിലയിരുത്തി എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോൾ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗ്ദ്ദരേയും ചേർത്ത് ഒരു യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ദ്ദർ, ഡോക്ടർമാർ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കും. സർക്കാർ നിലവിൽ സ്വീകരിച്ച നടപടികൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. സെപ്തംബർ ഒന്നിനാണ് ആ യോഗം ചേരുക

 രോഗവ്യാപാനം ശക്തമായ ഈ ഘട്ടത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രസിഡൻ്റുമാരുടേയും സെക്രട്ടറിമാരുടേയും യോഗം സെപ്തംബർ മൂന്നിന് ചേരും. കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കുന്ന ആരോഗ്യമന്ത്രിക്ക് പുറമേ റവന്യൂ, തദ്ദേശസ്വയംഭരണമന്ത്രിമാരും ഈ യോഗത്തിലുണ്ടാവും. ഒരോ തദ്ദേശസ്ഥാപന പ്രതിനിധികളുടെ കൈയിലും വാക്സീൻ നൽകിയതിൻ്റെ കണക്ക് വേണം. അതു വിലയിരുത്തി വാക്സീനേഷനിൽ എന്തേലും കുറവുണ്ടെങ്കിൽ അതു പരിഹരിക്കും. ഐടിഐ പ്രാക്ടീക്കൽ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്ക് മാത്രമായി ക്ലാസ് നടത്തും. കൊവിഡ് നിയന്ത്രണത്തിന് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതല നൽകി നിയമിച്ചു. എല്ലാ ജില്ലകളിലും അഡീ.എസ്.പിമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറാവും. വ്യാപാര സ്ഥാപനങ്ങളുടേയും റസിഡൻസ് ഭാരവാഹികളുടേയും യോഗം പൊലീസ് ഓണത്തിന് മുൻപേ വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങൾ വീണ്ടും ചേരും. വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവരും അവിടുത്തെ ജീവനക്കാരും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം.

വാക്സീൻ എടുക്കാത്തവര്‍ അടിയന്തരസാഹചര്യത്തിൽ മാത്രമേ പുറത്തിറങ്ങൂ എന്നുറപ്പാക്കാനാണ് റസിഡൻസ് ഭാരവാഹികൾ യോഗം ചേരുന്നത്. കൊവിഡ് ലക്ഷണമുള്ള എല്ലാവരേയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കും.രണ്ട് ഡോസ് വാക്സീൻ എടുത്തവരിൽ രോഗലക്ഷണം കാണിക്കാത്തവരും ഒരു മാസത്തിനുള്ളിൽ കൊവിഡ് പൊസീറ്റാവയവർക്കും ടെസ്റ്റിൻ്റെ ആവശ്യമില്ല. 12 മണിക്കൂറിനുള്ളിൽ റിസൽട്ട് റിപ്പോർട്ട് ചെയ്യാൻ ലാബുകൾ ശ്രദ്ധിക്കണം. എല്ലാ ലാബുകളിലും ഉപയോഗിക്കുന്ന ആർടിപിസിആർ, ആൻ്റിജൻ ടെസ്റ്റ് കിറ്റുകൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലാബുകളുടെ ലൈസൻസ് റദ്ദാക്കും. 

കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാ സൗകര്യം അതിനനുസരിച്ച് വിപുലപ്പെടുത്തിയതിനാൽ മാത്രമാണ് മരണനിരക്ക് രാജ്യത്തെ ഏറ്റവും കുറഞ‍്ഞ നിലയിൽ കൊണ്ടു വരാൻ സാധിച്ചത്. ഓക്സിജൻ ലഭിക്കാതെ ചികിത്സാ സൗകര്യമില്ലാതെ രോഗിയുമായി അലയേണ്ട അവസ്ഥ ഇവിടെ ആർക്കും ഉണ്ടായില്ല. ഉറ്റവരുടെ മൃതദേഹവുമായി ശ്മശാനങ്ങൾക്ക് മുന്നിൽ കാത്തുനിൽക്കേണ്ട കാഴ്ചയോ മൃതദേഹം നദിയിൽ ഒഴുക്കേണ്ട അവസ്ഥയോ ഇവിടെ ആർക്കും ഉണ്ടായില്ല.

കൊവിഡ് പ്രതിരോധം നമ്മുടെ നാടാകെ ചെയ്യുന്ന കാര്യമാണ്. അതിൽ ഭരണപക്ഷമെന്നെ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല. പ്രധാന വിമർശനമായി വന്നത് കൊവിഡ് പ്രതിരോധം ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തുവെന്നാണ്. യഥാർത്ഥത്തിൽ എല്ലാവരും പങ്കുവഹിക്കുകയല്ലേ. നമ്മുടെ മുൻനിര പ്രവർത്തകരെ എടുത്ത് പരിശോധിച്ചാൽ ഉദ്യോഗസ്ഥർക്കൊപ്പം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും എത്ര സ്തുർഹ്യമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. മറ്റൊന്നും ആഗ്രഹിക്കാതെയാണ് അവരെല്ലാം ഇതിൽ പ്രവർത്തിച്ചത്. ഇതിന് ഒരു ഉദ്ദേശമേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുക. സർക്കാർ വേറെ നമ്മൾ വേറെ എന്നൊരു വികാരം ജനിപ്പിക്കുക. ഇത്തരം കാര്യങ്ങളിൽകഴിയാവുന്ന അത്ര എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇനിയും ഈ കൂട്ടായ്മ തുടരുകയെന്നത് പ്രധാനമാണ്. ആപത്തൊഴിഞ്ഞില്ല. ഇപ്പോഴും പടരുന്ന അവസ്ഥയാണ് കാണുന്നത്. ഒന്നേ ഈ ഘട്ടത്തിൽ പറയാനുള്ളൂ പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പങ്ക് വഹിക്കാനുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിപക്ഷ അംഗങ്ങൾ ധാരാളമായി പ്രതിരോധ രംഗത്ത് സജീവമാണ്. ആരേയും അകറ്റാനല്ലേ ഒന്നിക്കാനും ഒന്നിപ്പിക്കാനുമുള്ള വാക്കുകളാണ് ഇത്തരം ആളുകളിൽ നിന്നും നാട് പ്രതീക്ഷിക്കുന്നത്.

ആർടിപിസിആർ നടത്താൻ സർക്കാർ എതിരല്ല. ഒരു മഹാമാരിയെ അല്ലേ നാം നേരിടുന്നത് പരമാവധി ആളുകളെ എത്രയും വേഗം കണ്ടെത്തുക എന്നതാണ് പ്രധാനം. ക്വാറൻ്റൈൻ ചെയ്യേണ്ടവരെ ക്വാറൻ്റൈൻ ചെയ്ത് മികച്ച ചികിത്സ ഉറപ്പ് വരുത്തുകയാണ് വേണ്ടത്. ജനസാന്ദ്രത കണക്കിലെടുത്ത് വാർഡ് തലത്തിൽ വരെയുള്ള പരിശോധനാ നിരക്കുകൾ കണക്കിലെടുത്ത് സൂഷ്മമായി ഒരു കൊവിഡ് പ്രതിരോധനിലയാണ് കേരളം പിന്തുടർന്നത്. ഇന്നലെവരെ  3.09 കോടി പരിശോധനകളാണ് നടത്തിയത്. രോഗവ്യാപനമുള്ളിടത്ത് പരിശോധന എങ്ങനെയാണ് ? പത്തിരട്ടി പരിശോധനയാണ്നടത്തുന്നത് അത്തരം പ്രദേശങ്ങളിൽ . ഇവിടെ പടരുന്നത് ഡെൽറ്റ വൈറസാണ് എന്നതാണ് നാം കാണേണ്ടത്. അതിൻ്റെ അതിതീവ്ര വ്യാപന ശേഷി നമ്മൾ കാണണം. അങ്ങനെ വരുമ്പോൾ പരമാവധി പരിശോധന നടത്തുക എന്നത് പ്രധാനമാണ്. അതിനാണ് സർക്കാർ ഊന്നൽ നൽകിയത്. ആർടിപിസിആർ പരിശോധന സർക്കാർ ഒരിക്കലും കുറക്കില്ല. ഇന്നലെ വരെ എഴുപതോളം പരിശോധനകൾ നടന്നിട്ടുണ്ട്. ആൻ്റിജൻ പരിശോധനയുടെ ഗുണം അരമണിക്കൂറിൽ ഫലമറിയാം എന്നതാണ്. എല്ലാ സർക്കാർ ആശുപത്രിയിലും പരിശോധനയ്ക്ക് സൗകര്യമുണ്ട്.  ആൻ്റിജൻ നെഗറ്റീവായാലും ഒരാൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ അയാൾക്ക് ആർടിപിസിആർ നടത്തും. സമ്പർക്ക് പട്ടികയിലെ ആദ്യനിരക്കാർക്കെല്ലാം ആർടിപിസിആർ ആണ് നിർദേശിക്കുന്നത്.

രോഗം പുറത്ത് നിന്ന് ലഭിച്ച് ഒരാൾ വീട്ടിലെത്തി രോഗലക്ഷണം വന്ന് പരിശോധിച്ചാലെ രോഗമുള്ളതായി തിരിച്ചറിയൂ. അപ്പോഴേക്കും വീട്ടിലുള്ളവരിലേക്ക് കൂടി രോഗം പടരും. ആദ്യമേ രോഗലക്ഷണം ഉണ്ടാവില്ല എന്നതൊരു പ്രശ്നമാണ്. വീടിന് പുറത്തു പോകുന്നവർ അകത്ത് ജാഗ്രതയോടെ പെരുമാറിയാൽ മാത്രമേ ഈ നിലയിൽ മാറ്റം വരൂ. വീട്ടുകാരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പ്രധാനമാണ്. വീടിനകത്തും നമ്മൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. അങ്ങനെ വന്നാൽ രോഗം പടരുന്നത് ഒരു പരിധി വരെ തടയാം. കൊവിഡിനോടുള്ള പേടിയിൽ വ്യത്യാസം വരുന്നോ എന്നതാണ് നോക്കേണ്ടത്. ഡെൽറ്റ വൈറസാണ് ഇവിടെ വ്യാപിക്കുന്നത്. ഒന്നാം തരംഗത്തിൽ ഒരാളിൽ നിന്നും ഒന്നോ രണ്ടോ പേരിലേക്കാണ് രോഗം പടർന്നിരുന്നത്. ഇപ്പോൾ അത് എട്ടും പത്തും പേരിലേക്കാണ് പകരുന്നത്. അത്രയും അപകടകാരിയാണ് ഈ ഡെൽറ്റ വൈറസ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

Follow Us:
Download App:
  • android
  • ios