Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ്, അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു

സംസ്ഥാനത്ത് ഇന്ന് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടേയും രോഗം ബാധിച്ചു. 

covid update june 3 2020
Author
Thiruvananthapuram, First Published Jun 3, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. പുതിയ കൊവിഡ് ബാധിതരിൽ അഞ്ച് പേർ ആരോഗ്യപ്രവർത്തകരാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 53 പേർ വിദേശത്ത് നിന്നു വന്നവരും 19 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

ഇന്ന് 82 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 19 പേരെത്തി. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായി. അഞ്ച് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. അതിലൊരാളുടെത് വ്യക്തമായിട്ടില്ല.

തിരുവനന്തപുരം - 14, മലപ്പുറം - 11, ഇടുക്കി - 9, കോട്ടയം - 8, ആലപ്പുഴ - 7, കോഴിക്കോട് - 7, പാലക്കാട് - 5, കൊല്ലം - 5, എറണാകുളം - 5, തൃശ്ശൂർ - 4,  കാസർകോട് - 3, കണ്ണൂർ - 2, പത്തനംതിട്ട - 2.  ഇന്ന് 4004 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1494 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ആകെ ചികിത്സയിലുള്ളത് 832 പേരാണ്. 

24 പേർ ഇന്ന് കൊവിഡ് മുക്തരായി. നെഗറ്റീവായരുടെ ജില്ല തിരിച്ചുള്ള കണക്ക് - തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂർ രണ്ട് കാസർകോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.

160304 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1440 പേരാണ് ഇവരിൽ ആശുപത്രിയിലുള്ളത്. 158681 പേർ ക്വാറന്റീനിൽ. 241 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73712 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 69606 എണ്ണം നെഗറ്റീവാണ്. സെൻ്റിനൽസ് സർവ്വേയുടെ ഭാഗമായി മുൻഗണനാ വിഭാഗത്തിലെ 16711 സാമ്പിളുകൾ ശേഖരിച്ചതിൽ 15264 എണ്ണം നെഗറ്റീവായി.

 ഹോട്ട്സ്പോട്ടുകൾ 128 ആയി. വിദേശത്തോ ഇതര സംസ്ഥാനത്തോ കഴിയുന്ന സഹോദരങ്ങളിൽ ഈ ഘട്ടത്തിൽ തിരിച്ച് വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടുവരാനും ആരോഗ്യസുരക്ഷ ഉറപ്പാക്കനുമാണ് സർക്കാർ ശ്രമിക്കുന്നത്. ദിവസേന ആളുകൾ വരുന്നുണ്ട്. സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. 

വൈദ്യപരിശോധന, ക്വാറന്റീൻ, സ്രവ പരിശോധന, പോസിറ്റീവാകുന്നവർക്ക് ചികിത്സ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ നിരീക്ഷണം ഇതൊക്കെ ചിട്ടയായി ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് ആളുകൾ വരാൻ തുടങ്ങിയപ്പോൾ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു.

സമ്പർക്കത്തിലൂടെ രോഗം പകരുന്ന തോത് പിടിച്ചുനിർത്താനായി. മെയ് ഏഴ് മുതലാണ് വന്ദേ ഭാരത് പരിപാടി മുഖേന പ്രവാസികൾ തിരികെ വന്നത്. ജൂൺ രണ്ട് വരെ 140 വിമാനങ്ങളിൽ 24333 പേരാണ് തിരിച്ചെത്തിയത്. മൂന്ന് കപ്പൽ വഴി 1488 പേരും വിദേശത്ത് നിന്നെത്തി. മൊത്തം 25821 പേരാണ് വിദേശത്ത് നിന്നെത്തിയത്.

വന്ദേഭാരതത്തിന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനവും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകി. വന്ദേ ഭാരത്തിന്റെ രണ്ടാം ഘട്ടത്തിൽ ജൂൺ മാസത്തിൽ ഒരു ദിവസം 12 വിമാനമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അത് സംസ്ഥാനം അംഗീകരിച്ചു. 

ജൂണിൽ 360 വിമാനങ്ങൾ വരണം. ജൂൺ മൂന്ന് മുതൽ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. കേരളം അനുമതി നൽകിയ 324 വിമാനങ്ങൾ ജൂൺ മാസത്തിലേക്ക് ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. കേന്ദ്രം ഉദ്ദേശിച്ച രീതിയിൽ വിമാനം പ്രവർത്തനത്തിന് അവർക്ക് സാധിക്കുന്നില്ല. അതിൽ കുറ്റപ്പെടുത്താനാവില്ല. വലിയൊരു ദൗത്യമായതിനാൽ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നൽകിയതിൽ ബാക്കിയുള്ള 324 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്താൽ ഇനിയും വിമാനങ്ങൾക്ക് അനുമതി നൽകും.

വന്ദേ ഭാരത് മിഷനിൽ ഇനി എത്ര വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചു. വിവരം ലഭിച്ചാൽ അനുമതി നൽകും. 40 ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. 26 ചാർട്ടേർഡ് വിമാനങ്ങൾ ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. അത് പൂർത്തിയായാൽ ഇനിയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകും. ഇനി ഒരു വിമാനത്തിനോടും സംസ്ഥാനം നോ പറഞ്ഞിട്ടില്ല.

വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാൻ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാർട്ടർ ചെയ്യുന്നത് സംസ്ഥാനം എതിർത്തിട്ടില്ല. യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ചാർട്ടേർഡ് വിമാനത്തിൽ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നൽകുമ്പോൾ മുൻഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

മറ്റു വ്യവസ്ഥകളൊന്നുമില്ല. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താത്പര്യം പരിഗണിച്ചാണ്. സ്വകാര്യ വിമാനക്കമ്പനികൾ പ്രവാസികളെ തിരിച്ചെത്തിക്കാൻ അനുവാദം ചോദിച്ചു. അതിനും അനുവാദം നൽകും. സ്പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് കേരളത്തിലേക്ക് അനുമതി നൽകി. ഒരു ദിവസം 10 എന്ന കണക്കിൽ ഒരു മാസം കൊണ്ട് ഇത്രയും വിമാനം വരും. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ കൊണ്ടുവരുമെന്നാണ് സ്പൈസ് ജെറ്റിൻ്റെ നിബന്ധന. അബുദാബിയിലെ ഒരു സംഘടന 40 ചാർട്ടേർഡ് വിമാനത്തിന് അനുവാദം ചോദിച്ചു, അതും നൽകി.

സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയത്തിൽ ഒന്നുമുതൽ 12ാം ക്ലാസ് വരെയുള്ളത്. പ്ലസ് വൺ ഒഴികെയുള്ള കണക്കാണിത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യമുള്ളതിനാലാണ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾക്കുള്ള പദ്ധതി തയ്യാറാക്കിയത്. വിക്ടേർസ് ചാനൽ വഴിയും സാമൂഹ്യ മാധ്യമ അക്കൗണ്ട് വഴിയും കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചു. ജൂൺ ഒന്നിന് ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ അതിനു വലിയ സ്വീകാര്യത ലഭിച്ചു. പല ക്ലാസുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നന്നായി ഇഷ്ടപ്പെട്ടുവെന്ന് പ്രതികരണത്തിൽ നിന്ന് മനസിലായി.

ഇതാദ്യമായാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമായിരുന്നു. ഈ തീരുമാനം എടുത്തപ്പോൾ തന്നെ എത്ര കുട്ടികൾക്ക് ഇത് സാധ്യമാകുമെന്നും പരിശോധിച്ചിരുന്നു. അധ്യാപകരോട് കുട്ടികളെയും രക്ഷിതാക്കളെയും ബന്ധപ്പെട്ട് പരിശോധിക്കാൻ തീരുമാനിച്ചു. 2.61 ലക്ഷം (2,61,784) കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്ന് കണ്ടെത്തി. സർക്കാരിനെ സംബന്ധിച്ച് ഈ കുട്ടികളും ഓൺലൈൻ സംവിധാനത്തിനൊപ്പം ചേർത്ത് നിർത്തേണ്ടവരാണ്. ഇവർക്കും പഠന സാധ്യമാക്കാമെന്ന ഉറപ്പുണ്ട്.

സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയത്തിൽ ഒന്നുമുതൽ 12ാം ക്ലാസ് വരെയുള്ളത്. പ്ലസ് വൺ ഒഴികെയുള്ള കണക്കാണിത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യമുള്ളതിനാലാണ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾക്കുള്ള പദ്ധതി തയ്യാറാക്കിയത്. വിക്ടേർസ് ചാനൽ വഴിയും സാമൂഹ്യ മാധ്യമ അക്കൗണ്ട് വഴിയും കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചു. ജൂൺ ഒന്നിന് ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ അതിനു വലിയ സ്വീകാര്യത ലഭിച്ചു. പല ക്ലാസുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നന്നായി ഇഷ്ടപ്പെട്ടുവെന്ന് പ്രതികരണത്തിൽ നിന്ന് മനസിലായി.

ഇതാദ്യമായാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമായിരുന്നു. ഈ തീരുമാനം എടുത്തപ്പോൾ തന്നെ എത്ര കുട്ടികൾക്ക് ഇത് സാധ്യമാകുമെന്നും പരിശോധിച്ചിരുന്നു. അധ്യാപകരോട് കുട്ടികളെയും രക്ഷിതാക്കളെയും ബന്ധപ്പെട്ട് പരിശോധിക്കാൻ തീരുമാനിച്ചു. 2.61 ലക്ഷം (2,61,784) കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്ന് കണ്ടെത്തി. സർക്കാരിനെ സംബന്ധിച്ച് ഈ കുട്ടികളും ഓൺലൈൻ സംവിധാനത്തിനൊപ്പം ചേർത്ത് നിർത്തേണ്ടവരാണ്. ഇവർക്കും പഠന സാധ്യമാക്കാമെന്ന ഉറപ്പുണ്ട്.

ചില കുട്ടികൾക്ക് വീട്ടിൽ ടിവിയും സ്മാർട്ട്ഫോണും ഉണ്ടാകില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി. ക്ലാസ് ലഭിക്കാത്ത കുട്ടികൾക്ക് ഇത് ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും എല്ലാ നേതൃത്വത്തിൽ വിവിധ പരിശ്രമങ്ങൾ നടക്കുന്നു. എല്ലാ എംഎൽഎമാരുടെയും പിന്തുണ ഇക്കാര്യത്തിൽ തേടിയിരുന്നു. ഭരണ പ്രതിപക്ഷ ഭേദ്യമില്ലാതെ എല്ലാവരും ഇതിനായി ശ്രദ്ധിച്ചു.

പൊതുഇടങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള ക്രമീകരണം പുരോഗമിക്കുന്നുണ്ട്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. ബെവ്കോ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 500 ടിവികൾ വാങ്ങിനൽകാൻ തീരുമാനിച്ചു. നിരവധി വിദ്യാർത്ഥി സംഘടനകളും ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.
 
ഇത്തരം കുട്ടികൾക്ക് അവസരം ലഭ്യമാക്കാൻ ആദ്യത്തെ രണ്ടാഴ്ച ട്രയൽ സംപ്രേഷണമാണ്. എല്ലാ കുട്ടികളെയും അപ്പോഴേക്കും ഇതിന്റെ ഭാഗമാക്കാനാവും. ഓൺലൈൻ ക്ലാസുകൾ താത്കാലിക പഠന സൗകര്യമാണ്. മഹാമാരിയെ നേരിടുന്ന നാട് എത്ര കാലം കൊണ്ട് പൂർവ്വ സ്ഥിതിയിലാകുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. പഠനം ക്ലാസ് മുറിയിൽ തന്നെയാണ് നല്ലത്. അതിനവസരം വന്നാൽ അപ്പോൾ തന്നെ സാധാരണ നിലയിൽ ക്ലാസ് ആരംഭിക്കും.

സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനം. ഈ പരിപാടി കുട്ടികളുടെ മാനസിക വളർച്ചയ്ക്കും അനിവാര്യമാണ്. ഈ ലക്ഷ്യം പൂർണ്ണമായി ഉൾക്കൊള്ളാതെ ചില വിമർശനം ഉയരുന്നുണ്ട്. കുട്ടികൾക്ക് വീണ്ടും കാണാനാവുന്ന നിലയിൽ യൂട്യൂബിലും ഫെയ്സ്ബുക്കിലും വീഡിയോ ലഭിക്കും. കുട്ടികൾക്കും ക്ലാസ് നഷ്ടപ്പെടില്ല.

ദേവികയുടെ മരണം ഏറെ ദുഖകരമാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ് ലഭിക്കാത്തതിനാൽ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛൻ പറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. ദേവിക പഠിച്ച സ്കൂളിൽ 25 പേർക്ക് ഇന്റർനെറ്റ് ടിവി സൗകര്യമില്ലെന്ന് കണ്ടെത്തി. ക്ലാസ് അധ്യാപകൻ കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു. ഇരുമ്പലീയം പഞ്ചായത്ത് യോഗത്തിൽ എല്ലാ വാർഡിലും കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ പരിപാടി തയ്യാറാക്കി. പിടിഎയും കുട്ടികൾക്ക് ഇന്റർനെറ്റും ടിവിയും ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഇപ്പോൾ ടിവിയോ മൊബൈൽ ഫോണോ ഇല്ലെന്ന പേരിൽ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല. രണ്ടാഴ്ച ട്രെയലായി പ്രദർശിപ്പിക്കുന്ന പാഠഭാഗങ്ങൾ പുനസംപ്രേഷണം ചെയ്യും. ഇടുക്കി ജില്ലയിലെ കണ്ണമ്പടി, ഇടമലക്കുടി എന്നിവിടങ്ങളിൽ ഓഫ് ലൈൻ പഠന സൗകര്യം ലഭ്യമാക്കും. മറ്റ് പിന്നാക്ക കേന്ദ്രങ്ങളിലും ഇതേ പഠന സൗകര്യം ലഭ്യമാക്കും. ടിവി കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാക്കാൻ സമഗ്ര ശിക്ഷ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കും.

ജനമൈത്രി പൊലീസ് മുഖേന നടപ്പാക്കുന്ന എംബീറ്റ് ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നു. 13.64 ലക്ഷം വീടുകളിൽ ജനമൈത്രി പൊലീസ് സന്ദർശനം നടത്തി. എംബീറ്റ് നടപ്പാക്കാൻ ബാക്കിയുള്ള 120 പൊലീസ് സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനകം ഇത് നിലവിൽ വരും. വിക്ടേർസ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അധിക്ഷേപിച്ചവരെ കുറിച്ച് വ്യക്തമായ വിവരം കിട്ടി. ഇക്കാര്യത്തി കടുത്ത നടപടിയുണ്ടാകും.

ക്വാറന്റൈൻ ലംഘിച്ച 24 പേർക്കെതിരെ ഇന്ന് കേസെടുത്തു. സ്ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കോഴിക്കോട്ട് നിന്നുള്ള വൈൽഡ്ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിനെ മണ്ണാർക്കാട്ടേക്ക് അയച്ചു. സൗജന്യ കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്തു. 1.95935 കിറ്റുകൾ സ്റ്റോക്കുണ്ട്.  1042.25 രൂപയാണ് കിറ്റിന്റെ വില. 

ലോഡിങ്, പാക്കിങും അടക്കം സംസ്ഥാനത്തിന് 974.03 പൈസ സർക്കാരിന് ചിലവായി. 813 കോടി ആകെ ഇതിനായി ചെലവായി. വളണ്ടിയർമാർ മികച്ച പ്രവർത്തനം നടത്തി. കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന ജലജീവൻ പദ്ധതി 2024 ൽ പൂർത്തിയാക്കാനാവും. ഈ പദ്ധതിക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രവും സംസ്ഥാനവും തുല്യമായി തുക വകയിരുത്തുന്ന പദ്ധതിയിൽ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. 2020-21 സാമ്പത്തിക വർഷത്തേക്ക് 820 കോടിയുടെ പദ്ധതിയടങ്കലിന് തീരുമാനിച്ചു. കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജുകളിലെ വൈദ്യുതി വിഭാഗം ശക്തിപ്പെടുത്തും. പാരിപ്പള്ളി, കളമശേരി, പാലക്കാട്, മഞ്ചേരി, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലേക്ക് താത്കാലിക ലൈൻമാൻ തസ്തികകൾ സൃഷ്ടിക്കും. ദേശീയപാത വികസനം നല്ല രീതിയിൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് 1782 കിലോമീറ്ററിലാണ് ദേശീയപാതയുള്ളത്. 40000 കോടി ചെലവു വരുമെന്ന് കരുതുന്നു. 

ഭൂമി ഏറ്റെടുക്കൽ നല്ല വേഗത്തിലാക്കാൻ സാധിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കാൻ വേണ്ട ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന കേന്ദ്രം കൊണ്ടുവന്നിരുന്നു. കേരളത്തിന്റെ വികസനത്തിന് പദ്ധതി അത്യന്താപേക്ഷിതമായതിനാൽ കേരളം അംഗീകരിച്ചു. കിഫ്ബിയിൽ നിന്ന് 358 കോടി ഇതിനകം ലഭ്യമാക്കി. മുക്കോല-തമിഴ്നാട്ട് അതിർത്തി ബൈപ്പാസ് നിർമ്മാണം സെപ്തംബറിൽ തീരും. 83 ശതമാനം തീർന്നു. നീലേശ്വരം റെയിൽ ഓവർബ്രിഡ്ജ് നിർമ്മാണം 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കും.

തലശേരി മാഹി ബൈപാസ് 2021 മെയിൽ പൂർത്തിയാക്കും. 851 കോടിയാണ് ചെലവ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. സ്ഥലമെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ കൂടുതൽ ജീവനക്കാരെ നൽകും.

 

Follow Us:
Download App:
  • android
  • ios