തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിവാദം തീരുന്നില്ല. പ്രഖ്യാപനത്തിൽ ഒരു തെറ്റും ഇല്ലെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച് നിൽക്കുകയാണ്. എന്നാലിത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന നിലപാട് പ്രതിപക്ഷ നേതാക്കളും ആവര്‍ത്തിക്കുന്നു. വാക്സിൻ വിവാദം സംബന്ധിച്ച് ഉയര്‍ന്ന പരാതി തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ കമ്മീഷന്‍റെ നിലപാട് ഉച്ചക്ക് ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മൂന്നാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം തീരുന്ന ദിവസത്തെ വാര്‍ത്താ സമ്മേളനത്തിനിടക്കാണ് കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായിരിക്കും എന്ന്  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. ഇതാണ് വലിയ രാഷ്ട്രീയവിവാദമായതും. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വാക്സിൻ പ്രഖ്യാപന വിവാദം മുറുകുമ്പോഴാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആക്ഷേപങ്ങൾ തള്ളുന്നത്. 

തുടര്‍ന്ന് വായിക്കാം: സൗജന്യ കൊവിഡ് ചികിത്സ നൽകിയ സ‍ർക്കാ‍ർ വാക്സിനും സൗജന്യമായി നൽകും: മുഖ്യമന്ത്രി... 

എന്നാൽ ബിഹാർ തെര‍ഞ്ഞെടുപ്പിൽ ബിജെപിയുടെ സൗജന്യവാക്സിൻ പ്രഖ്യാപനത്തെ എതിർത്ത സീതാറാം യെച്ചൂരിയുടെ വാക്കുകൾ കൂടി ഉപയോഗിച്ചാണ് പ്രതിപക്ഷ വിമർശനം.

തുടര്‍ന്ന് വായിക്കാം: സൗജന്യ കൊവിഡ് വാക്സിൻ പ്രഖ്യാപനം: യെച്ചൂരിയുടെ നിലപാടിനൊപ്പമെന്ന് ചെന്നിത്തല... 

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ ഇടത് അനുഭാവികൾ വൻതോതിൽ പ്രചാരം നൽകുന്നു. ബിഹാറിൽ ബിജെപിയെ വിമർശിച്ചെങ്കിലും അന്ന് പരാതികൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃക കേരളത്തിലും തുടരുമെന്നാണ് സിപിഎം പ്രതീക്ഷ. മലബാറിലെ വോട്ടെടുപ്പ് തീർന്നശേഷം വൈകീട്ട് പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കും.