കോഴിക്കോട്: കൊവിഡ്19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സംസ്ഥാന വ്യാപകമായി ബയോമെട്രിക് പഞ്ചിംഗ് നിര്‍ത്തിവെച്ചു. എല്ലാ ജീവനക്കാര്‍ക്കും മാസ്ക്ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. കണ്ടക്ടർമാരും ഡ്രൈവർമാരും മാസ്ക് ധരിക്കണം, എല്ലാ ജീവനക്കാർക്കും മാസ്ക് നൽകും. മാസ്കുകൾക്ക് വലിയ ക്ഷാമമുണ്ട്. എങ്കിലും പത്തനംതിട്ടയിലെ ജീവനക്കാർക്ക് ഇന്നു തന്നെ മാസ്ക് എത്തിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. 

കൊവിഡ് 19: വിവരങ്ങൾ അറിയിക്കണം, നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇറ്റലിയില്‍ നിന്നും വന്ന 3 പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കും കോവിഡ് 19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കുവൈറ്റില്‍നിന്നെത്തി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.  ഇന്നു രാവിലെ ലഭിച്ച സാമ്പിള്‍ പരിശോധനാ ഫലം ആശ്വാസകരമാണ്. 

നിർദേശം ലംഘിച്ച് പൊങ്കാലയിടാന്‍ വിദേശികൾ ; ഹോട്ടലിനെതിരെ നടപടിയെന്ന് കടകംപള്ളി സുരേന്ദ്രൻ