'വൈക്കം ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തിൽ നിന്ന് എംഎൽഎയെ ഒഴിവാക്കി', പരാതിയുമായി സിപിഐ
ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തിൽ നിന്നും പാർട്ടി എംഎൽ എ സി കെ ആശയെ ഒഴിവാക്കിയെന്നാരോപിച്ച് സംസ്ഥാന സർക്കാരിന് പരാതി നൽകാനാണ് സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നീക്കം.

കോട്ടയം : സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ പരാതിയുമായി സിപിഐ. ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തിൽ നിന്നും പാർട്ടി എം എൽ എ സി കെ ആശയെ ഒഴിവാക്കിയെന്നാരോപിച്ച് സംസ്ഥാന സർക്കാരിന് പരാതി നൽകാനാണ് സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നീക്കം. എംഎൽഎയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് സിപിഐ വിലയിരുത്തൽ. നവമാധ്യമങ്ങളിലും സി പി ഐ പ്രവർത്തകരുടെ പ്രതിഷേധ കുറിപ്പുകൾ ഇതിനോടകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു രംഗത്തെത്തി. പിആർഡി നൽകിയ പരസ്യത്തിൽ സി കെ ആശ എംഎൽഎയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും ഒഴിവാക്കിയതിൽ സിപിഐക്ക് പരാതിയുണ്ടെന്നും കോട്ടയം ജില്ല സെക്രട്ടറി അറിയിച്ചു. പി ആർ ഡി തെറ്റ് തിരുത്തിയേ മതിയാകു. ആര് വകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നതല്ല, തെറ്റ് ഉണ്ടെങ്കിൽ തിരുത്തണമെന്നതാകണം നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ സിപിഐയെ തള്ളി മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമുണ്ടായിട്ടില്ലെന്നും ഒരു പരാതിയും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും സംഘാടകരിലൊരാളായിരുന്ന മന്ത്രി വാസവൻ വിശദീകരിച്ചു. ഒരു കുറ്റവും ഇല്ലാതെ, ഒരു വിവാദത്തിനും അവസരം ഇല്ലാതെയാണ് പരിപാടി നടന്നത്. പരസ്യവുമായി ബന്ധപ്പെട്ട് പിആർഡിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.