കൂടുതൽ പഠനം വേണ്ടേ എന്ന് മന്ത്രി സഭായോഗത്തിൽ പി പ്രസാദ്. ആശങ്ക ഉന്നയിച്ചത് cpi നേതൃത്വത്തിന്‍റെ  നിർദേശ പ്രകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യസർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ലിൽ ആശങ്കയും എതിർപ്പും ഉന്നയിച്ച് സിപിഐ. കൂടുതൽ ചർച്ചയും പഠനവും ആവശ്യമാണെന്ന് മന്ത്രിസഭാ യോഗത്തിൽ പി പ്രസാദ് ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസമന്ത്രി യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ബിൽ പരിഗണിക്കുന്നത് മാറ്റിവെച്ചു. സ്വകാര്യ സർവ്വകലാശാല വന്നാൽ പ്രതിഷേധിക്കുമെന്ന് എഐവൈഎഫ് വ്യക്തമാക്കി.

പഴയ എതിർപ്പുകളെല്ലാം മാറ്റിവെച്ചാണ് സിപിഎം സ്വകാര്യ സർവ്വകലാശാലക്ക് പച്ചക്കൊടി നൽകാൻ തീരുമാനിച്ചത്. കരട് ബിൽ മന്ത്രിസഭാ യോഗത്തിൻറെ പരിഗണനക്ക് എത്തിയപ്പോഴാണ് സിപിഐ ആശങ്ക ഉയർത്തിയത്. പാർട്ടി തീരുമാനപ്രകാരമാണ് പി പ്രസാദ് കൂടുതൽ പഠനവും ചർച്ചയും ആവശ്യപ്പെട്ടത്. സർവ്വകലാശാലകളുടെ ഘടനയിൽ ചില സാങ്കേതിക പ്രശ്നം ആരോഗ്യമന്ത്രിയും ഉയർത്തി. എറണാകുളം സമ്മേളനത്തിലാണ് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള നയരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചത്. പിന്നീട് എൽഡിഎഫും ചർച്ച ചെയ്തു. മുന്നണി യോഗത്തിൽ ആർജെഡി നേരത്തെ എതിർപ്പുന്നയിച്ചതുമാണ്. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം എന്ന നിലക്കാണ് സിപിഎം സ്വകാര്യ സർവ്വകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത് .എന്നാൽ ഫീസിൽ സർക്കാറിന് നിയന്ത്രണമുണ്ടാകില്ല. സാമൂഹ്യനീതി ഉറപ്പാകുമോ എന്നതിലടക്കമാണ് സിപിഐയുടെ ആശങ്ക. യുഡിഎഫ് സർക്കാർ കാലത്ത് സ്വകാര്യ സർവ്വകലാശാല ചർച്ചക്കെതിരായ സമരത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസൻറെ മുഖത്ത് എസ്എഫ്ഐ അടിച്ചതോർമ്മിപ്പിച്ചാണ് പ്രതിപക്ഷ പരിഹാസം

'കൂടുതൽ ചർച്ച വേണം';സ്വകാര്യ സർവകലാശാല ബില്ലിൽ എതിർപ്പ് അറിയിച്ച് CPI

സ്വകാര്യ സർവ്വകലാശാലക്കെതിരെ സമരത്തിനറങ്ങുമെന്നാണ് എഐവൈഎഫ് മുന്നറിയിപ്പ്. സിപിഐ ആശങ്ക ഉയർത്തിയെങ്കിലും അടുത്ത മന്ത്രിസഭാ യോഗം ബിൽ അംഗീകരിക്കാൻ തന്നെയാണ് സാധ്യത