Asianet News MalayalamAsianet News Malayalam

വാളയാര്‍ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് ആനി രാജ; മുഖ്യമന്ത്രി ഇടപെടണം

കേസ് അന്വേഷിച്ച പോലീസിന്‍റെ ആദ്യ സംഘവും രണ്ടാം സംഘവും പൂർണ പരാജയമായിരുന്നു. സ്വതന്ത്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ 

cpi leader anni raja says flop in police investigation on walayar case
Author
Trivandrum, First Published Oct 27, 2019, 1:18 PM IST

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്‍ചയെന്ന് സിപിഐയുടെ ദേശീയ മഹിളാ  ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ. അന്വേഷണത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച പോലീസിന്‍റെ ആദ്യ സംഘവും രണ്ടാം സംഘവും പൂർണ പരാജയമായിരുന്നു. സ്വതന്ത്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ നാലുപ്രതികളെയും വെറുതവിട്ടതോടെ അന്വേഷണ സംഘത്തിന് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് ഈ കേസെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. 2017  ജനുവരി 13നാണ്  13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ  ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ  സസ്പെന്‍റ് ചെയ്തിരുന്നു.  തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്. അതേസമയം വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. അപ്പീൽ നൽകുന്നതിനെക്കുറിച്ച് നിയമോപദേശം നേടിയ പൊലീസ് പൂർണമായ വിധിപകർപ്പ് കിട്ടിയശേഷം അപ്പീല്‍ നല്‍കും. 
 

Follow Us:
Download App:
  • android
  • ios